bncmalayalam.in

കാസർകോടിന് വീണ്ടും രാഷ്ട്രീയ അവഗണന; സിഡ്കോ ചെയർമാൻ പദവിയും കൈവിട്ടു ,അവസാന നിമിഷം എ. അബ്ദുറഹ്മാൻ പുറത്ത്; വോട്ടുബലം വേണം, അധികാരസ്ഥാനങ്ങളിൽ പരിഗണനയില്ലേ?

761: കാസർകോടിന് വീണ്ടും രാഷ്ട്രീയ അവഗണന; സിഡ്കോ ചെയർമാൻ പദവിയും കൈവിട്ടു ,അവസാന നിമിഷം എ. അബ്ദുറഹ്മാൻ പുറത്ത്; വോട്ടുബലം വേണം, അധികാരസ്ഥാനങ്ങളിൽ പരിഗണനയില്ലേ?

കാസർകോടിന് വീണ്ടും രാഷ്ട്രീയ അവഗണന; സിഡ്കോ ചെയർമാൻ പദവിയും കൈവിട്ടു ,അവസാന നിമിഷം എ. അബ്ദുറഹ്മാൻ പുറത്ത്; വോട്ടുബലം വേണം, അധികാരസ്ഥാനങ്ങളിൽ പരിഗണനയില്ലേ?

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ അധികാര സ്ഥാനങ്ങളിലെ വീതംവെപ്പിൽ കാസർകോടിന് വീണ്ടും നിരാശ. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് പാർട്ടി നേതാക്കളെ പരിഗണിച്ചപ്പോൾ സിഡ്കോ ചെയർമാൻ പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കാസർകോട്ടെ മുതിർന്ന നേതാവ് എ. അബ്ദുറഹ്മാൻ അവസാന നിമിഷം പട്ടികയിൽനിന്ന് പുറത്തായി. ഇതോടെ ജില്ലയിൽ രാഷ്ട്രീയ പ്രതിഷേധവും അതൃപ്തിയും ശക്തമാകുകയാണ്.

മുസ്‌ലിം ലീഗിന്റെ മുൻ കാസർകോട് ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. അബ്ദുറഹ്മാന് ഇത്തവണ നിർണായകമായ ഒരു ബോർഡ് ചെയർമാൻ പദവി ലഭിക്കുമെന്നായിരുന്നു ജില്ലയിലെ പ്രതീക്ഷ. പ്രത്യേകിച്ച് കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷനായ (സിഡ്കോ) ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെടുന്നതായുള്ള സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ലീഗ് നേതാക്കളുടെ പേരുകൾ പുറത്തുവന്നതോടെ എ. അബ്ദുറഹ്മാന്റെ പേര് പരിഗണനയിൽനിന്ന് ഒഴിവാക്കപ്പെട്ടതായാണ് വ്യക്തമാകുന്നത്.

kasaragod-political-neglect-sidco-chairman-post-a-abdurahman

മുൻപ് മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായിരുന്ന സി.ടി. അഹമ്മദലി 2011 മുതൽ 2016 വരെ സിഡ്കോ ചെയർമാനായി പ്രവർത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കാസർകോട്ടെ മുതിർന്ന നേതാവായ എ. അബ്ദുറഹ്മാനും സമാനമായൊരു പദവി ലഭിക്കുമെന്ന പ്രതീക്ഷ ജില്ലയിൽ സ്വാഭാവികമായിരുന്നു. എന്നാൽ ഇത്തവണ ആ പ്രതീക്ഷയും അവസാന നിമിഷം അസ്തമിച്ചു.

ഇത് കേവലം ഒരു നേതാവിന് പദവി ലഭിക്കാത്തതിന്റെ മാത്രം പ്രശ്നമല്ല. മുസ്‌ലിം ലീഗിന് ശക്തമായ രാഷ്ട്രീയ അടിത്തറയും വോട്ടുബലവും നൽകിയിട്ടുള്ള കാസർകോട് ജില്ലയ്ക്ക് പാർട്ടിയുടെ അധികാരവീതംവെപ്പിൽ പരിഗണന ലഭിക്കാത്തതിലെ പ്രതിഷേധം വലിയ രീതിയിൽ ചർച്ച ആവുകയാണ് , മന്ത്രി പദവി മുതൽ വിവിധ രാഷ്ട്രീയ നിയമനങ്ങൾ വരെയുള്ള കാര്യങ്ങളിൽ കാസർകോടിന്റെ പ്രതീക്ഷകൾ പലപ്പോഴും അവസാന നിമിഷം തകരുന്നുവെന്ന ആക്ഷേപം നേരത്തെയും ഉയർന്നിട്ടുണ്ട്. യുഡിഎഫ് അധികാര രാഷ്ട്രീയത്തിലും മുസ്‌ലിം ലീഗിന്റെ സംഘടനാ തലത്തിലുള്ള പരിഗണനകളിലും ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വികാരം ഇതിനകം ശക്തമാണ്. വോട്ടെടുപ്പ് കാലത്ത് കാസർകോടിന്റെ പിന്തുണ തേടുമ്പോൾ കാണിക്കുന്ന താൽപര്യം അധികാര സ്ഥാനങ്ങൾ പങ്കുവെക്കുമ്പോഴും കാണിക്കണമെന്നാണ് ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും ആവശ്യം.

അതേസമയം, സിഡ്കോ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എ. അബ്ദുറഹ്മാന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹം വിഷയത്തിൽ മനസ്സ് തുറക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഉയരുന്ന അതൃപ്തി പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചയായാൽ മറ്റേതെങ്കിലും ബോർഡ് സ്ഥാനങ്ങൾ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമമുണ്ടാകുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. എന്നാൽ കാസർകോടിന്റെ ആവശ്യം കേവലം ഒരു അപ്രധാന ബോർഡ് പദവിയല്ല. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും ശക്തമായ ജനപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്ന ജില്ലയ്ക്ക് അധികാരത്തിലും തീരുമാനമെടുക്കുന്ന തലങ്ങളിലും അർഹമായ പ്രാതിനിധ്യം വേണം എന്നുള്ളതാണ് . വോട്ട് ചോദിക്കുമ്പോൾ കാസർകോട് മുന്നിൽ; പദവികൾ പങ്കിടുമ്പോൾ കാസർകോട് പിന്നിൽ. ഈ രാഷ്ട്രീയ അവഗണനയ്ക്ക് ഇനിയും എത്രകാലം ജില്ല മറുപടി പറയാതെ നിൽക്കും?

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *