bncmalayalam.in

‘എങ്ങനെ പ്രതികളെ വെറുതെവിടാം എന്ന് ഗവേഷണം നടത്തി പ്രഖ്യാപിച്ച വിധി’; കാസർകോട്ടെ കോടതി വിധികൾക്കെതിരെ മുൻ ഡി.വൈ.എസ്.പി അബ്ദുറഹീം,സാങ്കേതികതകൾ മാത്രം ഇഴകീറി പരിശോധിച്ചാണ് വിധി ഉണ്ടായത്.

‘എങ്ങനെ പ്രതികളെ വെറുതെവിടാം എന്ന് ഗവേഷണം നടത്തി പ്രഖ്യാപിച്ച വിധി’; കാസർകോട്ടെ കോടതി വിധികൾക്കെതിരെ മുൻ ഡി.വൈ.എസ്.പി അബ്ദുറഹീം,സാങ്കേതികതകൾ മാത്രം ഇഴകീറി പരിശോധിച്ചാണ് വിധി ഉണ്ടായത്.

‘എങ്ങനെ പ്രതികളെ വെറുതെവിടാം എന്ന് ഗവേഷണം നടത്തി പ്രഖ്യാപിച്ച വിധി’; കാസർകോട്ടെ കോടതി വിധികൾക്കെതിരെ മുൻ ഡി.വൈ.എസ്.പി അബ്ദുറഹീം,സാങ്കേതികതകൾ മാത്രം ഇഴകീറി പരിശോധിച്ചാണ് വിധി ഉണ്ടായത്.

കാസർകോട്: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സമാധാനം കാംക്ഷിക്കുന്ന പൊതുസമൂഹത്തെയാകെ അസ്വസ്ഥപ്പെടുത്തുന്ന വിധികളാണ് കാസർകോട്ടെ കോടതികൾ ചുട്ടെടുക്കുന്നതെന്ന് മുൻ ഡി.വൈ.എസ്.പിയും ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ മുൻ തലവനുമായ അബ്ദുറഹീം. തളങ്കര നുസ്രത്ത് നഗറിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ സൈനുൽ ആബിദീൻ (24) വധക്കേസിലെ പ്രതികളെ മുഴുവൻ വെറുതെവിട്ട കോടതിവിധിയോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. മുൻപ് വിവാദമായ റിയാസ് മൗലവി കേസിന് സമാനമായി തീർത്തും നിരാശാജനകമായ മറ്റൊരു വിധിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

former-dysp-abdurahim-criticizes-kasaragod-court-verdict-zainul-abideen-murder-case

പൊലീസിന്റെ ചെറിയ പിഴവുകളെപ്പോലും പർവതീകരിക്കുകയും ഓരോ നടപടിക്രമങ്ങളെയും സംശയദൃഷ്ടിയോടെ മാത്രം വിലയിരുത്തി എങ്ങനെ പ്രതികളെ വെറുതെവിടാം എന്ന് ഗവേഷണം നടത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് സമാധാനകാംക്ഷികൾ ആരോപിക്കുന്നതിൽ തെറ്റുപറയാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംഭവസ്ഥലത്തുനിന്ന് ഒന്നാം പ്രതിയുടെ ചെരുപ്പ് കണ്ടെടുത്തതും അത് പ്രതിയുടേതാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിച്ചതും, പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതുമെല്ലാം പൊലീസ് കൃത്യമായി നിർവഹിച്ചിരുന്നു. എന്നിട്ടും സാങ്കേതികതകൾ മാത്രം ഇഴകീറി പരിശോധിച്ചാണ് വിധി ഉണ്ടായത്.

റിയാസ് മൗലവി വധക്കേസിലും ഇതേ രീതിയിലുള്ള തിരിച്ചടിയാണ് ഉണ്ടായത്. പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന നിഷ്കളങ്കനായ റിയാസ് മൗലവിയെ വെറുപ്പിന്റെ കഠാരയിറക്കി കൊലപ്പെടുത്തിയ കേസിൽ, ഗൂഢാലോചനയെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് കോടതി തന്നെ ചോദിച്ചിരുന്നു. എന്നാൽ അത്തരം ഗൂഢാലോചന അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാൻ സമുദായ നേതൃത്വത്തിന് ധൈര്യമുണ്ടായില്ല. കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ തന്നെ രാഷ്ട്രീയ സംഘടനകൾ വ്യക്തിവിരോധം തീർക്കാൻ മാറ്റിനിർത്താൻ കാണിച്ച തിടുക്കം പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ആരും കാണിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.

സൈനുൽ ആബിദീൻ കേസിൽ ദൃക്സാക്ഷികൾ മരണപ്പെട്ടത് കേസിനെ ബാധിച്ചിട്ടുണ്ടാകാമെങ്കിലും ദൃക്സാക്ഷികളില്ലാത്ത എത്രയോ കേസുകളിൽ ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ സി.ഐ ആയിരുന്ന കാലത്ത് പെരിങ്ങോത്ത് നടന്ന കൊലപാതകക്കേസിൽ ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പ്രതികളെ ശിക്ഷിച്ചത് ഇതിനുദാഹരണമാണ്. എന്നാൽ കാസർകോട് നടക്കുന്ന പല കേസുകളിലും സാക്ഷികൾ പൊലീസിന് നൽകിയ മൊഴി കോടതിയിൽ ആവർത്തിക്കാൻ വിമുഖത കാണിക്കുന്ന പ്രവണതയുണ്ട്. പ്രതികളുടെ വ്യക്തിത്വം തിരിച്ചറിഞ്ഞുള്ള മൊഴികൾ പോലും കോടതിയിൽ പറയാൻ സാക്ഷികൾ തയ്യാറാകാത്തതും പ്രോസിക്യൂഷനൊപ്പം പൂർണ്ണമായി നിൽക്കാതിരുന്നതുമാണ് ഈ കേസിൽ തിരിച്ചടിയായത്.

ഇത്തരം വിധികൾ ഡസൻ കണക്കിന് കേസുകളിൽ പ്രതികളായ കൊടുംക്രിമിനലുകൾക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കാസർകോടിന്റെ സാമൂഹികാന്തരീക്ഷത്തിന് ഇത്രയധികം മുറിവേൽപ്പിച്ച ക്രിമിനലുകൾ വേറെയുണ്ടാകില്ല. അവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും ദുർനടപ്പും പരിഗണിച്ചെങ്കിലും കർശന ശിക്ഷ ഉറപ്പാക്കാൻ നീതിന്യായ സംവിധാനങ്ങൾ മുന്നോട്ടുവരേണ്ടതായിരുന്നു. 2017ന് ശേഷം കാസർകോട് പൊതുവേ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും ഇത്തരം നിരാശാജനകമായ വിധികൾക്കെതിരെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ മുന്നോട്ടുപോകാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *