പ്ലാറ്റ്‌ഫോമിൽ ഫോൺ സ്പീക്കറിലിട്ടാൽ ₹1000 പിഴയും പുറത്താക്കലും; ട്രെയിനിലാണെങ്കിൽ അടുത്ത സ്റ്റേഷനിൽ ഇറക്കിവിടും; ആവർത്തിച്ചാൽ 6 മാസം തടവും ₹5000 പിഴയും
കൊച്ചി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലും മൊബൈൽ ഫോണുകൾ ലൗഡ് സ്പീക്കർ മോഡിലിട്ട് ഉപയോഗിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. സഹയാത്രികർക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന വിധത്തിൽ ഉച്ചത്തിൽ സംസാരിക്കുകയോ പാട്ടുകളും വാർത്തകളും വീഡിയോകളും പ്ലേ ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കനത്ത പിഴയും തടവുശിക്ഷയും ചുമത്താൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് (RPF) കർശന നിർദേശം നൽകി.

പ്ലാറ്റ്‌ഫോമുകളിലോ വെയിറ്റിങ് ഹാളുകളിലോ ഇരുന്ന് ഫോൺ സ്പീക്കറിലിട്ട് ഉപയോഗിക്കുന്നവരിൽനിന്ന് ആദ്യഘട്ടത്തിൽ ₹1000 പിഴ ഈടാക്കുകയും സ്റ്റേഷൻ പരിസരത്തുനിന്ന് ഉടൻ പുറത്താക്കുകയും ചെയ്യും. ട്രെയിനുകളിലാണ് നിയമലംഘനമെങ്കിൽ പിഴ ഈടാക്കുന്നതിന് പുറമെ അടുത്തുവരുന്ന സ്റ്റേഷനിൽ വെച്ച് യാത്രക്കാരെ ട്രെയിനിൽനിന്ന് നിർബന്ധപൂർവം ഇറക്കിവിടും. റെയിൽവേ ആക്ട് പ്രകാരം പൊതുശല്യമുണ്ടാക്കുന്നവർ കുറ്റം ആവർത്തിച്ചാൽ ആറു മാസം വരെ തടവോ ₹5000 പിഴയോ, ചില സന്ദർഭങ്ങളിൽ ഇവ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ പാട്ടുകൾ കേൾക്കാനും വീഡിയോകൾ കാണാനും നിർബന്ധമായും ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കണമെന്നും സഹയാത്രികരുടെ സ്വസ്ഥത ഉറപ്പാക്കണമെന്നും റെയിൽവേ നിർദേശിച്ചു. ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെയോ റെയിൽ മദദ് (Rail Madad) ആപ്പ് വഴിയോ ഉടൻ പരാതിപ്പെടാം. പരാതി ലഭിച്ചാലുടൻ അടുത്ത സ്റ്റേഷനിൽ വെച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കും.



