അനധികൃത സ്പാകളുടെ മറവിലെ ചൂഷണം: കര്ശന നടപടികളുമായി ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ സ്പാ’ എത്ര വലിയവൻ ആയാലും നിയമനടപടി സ്വീകരിക്കും
സംസ്ഥാനത്ത് സൗന്ദര്യവർദ്ധക-ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ മറവിൽ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്. ആയുർവേദ, ബ്യൂട്ടി സ്പാകളുടെ വ്യാജേന പ്രവർത്തിക്കുകയും സ്ത്രീകളുടെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും മുതലെടുത്ത് അനാശാസ്യ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചത്.
നാടിന്റെ നാനാഭാഗങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ഇത്തരം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ ചൂഷണമാണ് നടക്കുന്നത്. തൊഴിൽ തേടിയെത്തുന്ന നിർധനരായ സ്ത്രീകളെ ഉയർന്ന ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുകയും തുടർന്ന് ഭീഷണിയും സമ്മർദ്ദവും ഉപയോഗിച്ച് ലൈംഗിക വ്യാപാരത്തിലേക്ക് നിർബന്ധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി കടുപ്പിച്ചത്. സ്ത്രീകളുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും കമ്പോളച്ചരക്കാക്കി മാറ്റുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ രഹസ്യാന്വേഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടത്.
ഓപ്പറേഷൻ സ്പായുടെ ആദ്യഘട്ട പരിശോധനകളുടെ വിശദാംശങ്ങൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സംസ്ഥാനത്താകെ 821 സ്പാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായി 586 കേന്ദ്രങ്ങളിലാണ് ഒരേസമയം കർശനമായ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളും സ്ത്രീ ചൂഷണങ്ങളും വ്യക്തമായ 14 സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യമായ രജിസ്ട്രേഷനോ മാനദണ്ഡങ്ങളോ പാലിക്കാതെയും സംശയാസ്പദമായ സാഹചര്യത്തിലും പ്രവർത്തിച്ച 44 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

സ്ത്രീകളെ ചൂഷണം ചെയ്യുകയും മനുഷ്യന്റെ അന്തസ്സിനെ വെറും വിലപേശൽ ഉപാധിയായി കാണുകയും ചെയ്യുന്ന ഒരു നീക്കവും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഉന്നതസ്വാധീനമുള്ളവരോ ഏത് വൻകിട സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിക്കുന്നവരോ ആകട്ടെ, നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ലെന്നും ഇത്തരം മാഫിയകൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസും ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കാതെ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വരുംദിവസങ്ങളിലും ഓപ്പറേഷൻ സ്പാ കൂടുതൽ ഊർജ്ജിതമായി തുടരും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനൊപ്പം ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളെ മോചിപ്പിച്ച് അവർക്ക് ആവശ്യമായ സംരക്ഷണവും നിയമസഹായവും ഉറപ്പാക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചു വരുന്നു.



