മുനിസിപ്പാലിറ്റികളിൽ നികുതി പിരിവിൽ തിളങ്ങി കാസർഗോഡ്; 9,68,26,329 രൂപയാണ് കെട്ടിട നികുതിയായി പിരിച്ചെടുത്തത് ,സംസ്ഥാനത്ത് രണ്ടാം സ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് 2025-26 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈവരിച്ച നികുതി പിരിവിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നപ്പോൾ കാസർഗോഡ് മുനിസിപ്പാലിറ്റിക്ക് അഭിമാനകരമായ നേട്ടം. വിവരാവകാശ പ്രവർത്തകനായ മുഹമ്മദ് അഷ്റഫിന് ലഭിച്ച വിവരാവകാശ രേഖകളിലാണ് സംസ്ഥാനത്തെ നഗരസഭകളുടെയും പഞ്ചായത്തുകളുടെയും കോർപ്പറേഷനുകളുടെയും നികുതി ശേഖരണത്തിന്റെ വിശദാംശങ്ങൾ ഉള്ളത്. ഇതിൽ മുനിസിപ്പാലിറ്റി വിഭാഗത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് കാസർഗോഡ് മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

നൽകപ്പെട്ട കണക്കുകൾ പ്രകാരം 9,68,26,329 രൂപയാണ് കാസർഗോഡ് മുനിസിപ്പാലിറ്റി കെട്ടിട നികുതിയായി പിരിച്ചെടുത്തത്. 9,77,04,779 രൂപ പിരിച്ച ആലുവ മുനിസിപ്പാലിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 9,53,01,711 രൂപ ശേഖരിച്ചുകൊണ്ട് കൊടുങ്ങല്ലൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഷൊർണൂർ (4,17,60,613 രൂപ), ചെങ്ങന്നൂർ (3,82,34,432 രൂപ) എന്നിവയാണ് മുനിസിപ്പാലിറ്റി വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയ മറ്റ് നഗരസഭകൾ.
ഗ്രാമപഞ്ചായത്ത് തലത്തിലുള്ള കണക്കുകളിലേക്ക് വരുമ്പോൾ, അവനൂർ ഗ്രാമപഞ്ചായത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി പിരിച്ച് ഒന്നാം സ്ഥാനത്തെത്തിയത് (1,73,54,035 രൂപ). തലവടി (55,11,830 രൂപ), പുറക്കാട് (48,29,265 രൂപ), കാവാലം (28,58,014 രൂപ), ആറാട്ടുപുഴ (28,15,943 രൂപ) എന്നിവയാണ് ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ മുൻപന്തിയിലെത്തിയ മറ്റ് സ്ഥാപനങ്ങൾ.
മറുവശത്ത്, കോർപ്പറേഷൻ വിഭാഗത്തിൽ കൊച്ചി കോർപ്പറേഷനാണ് നികുതി ശേഖരണത്തിൽ മുന്നിൽ നിൽക്കുന്നത് (169,94,14,899 രൂപ). തിരുവനന്തപുരം കോർപ്പറേഷൻ (145,78,97,337 രൂപ) രണ്ടാാം സ്ഥാനത്തും, കോഴിക്കോട് കോർപ്പറേഷൻ (95,39,93,817 രൂപ) മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. തൃശൂർ (66,64,54,516 രൂപ), കൊല്ലം (39,34,68,010 രൂപ), കണ്ണൂർ (39,25,29,652 രൂപ) കോർപ്പറേഷനുകളും മികച്ച നികുതി ശേഖരണമാണ് ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും ഭരണപരമായ കാര്യക്ഷമതയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഇതിൽ നഗരസഭാ വിഭാഗത്തിൽ കാസർഗോഡ് മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനം നേടിയത് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കും ഭരണനേട്ടങ്ങൾക്കും മാറ്റുകൂട്ടുന്നതായി മാറി.



