ജയിൽ സൗഹൃദത്തിൽ വിരിഞ്ഞ വൻ ലഹരി ശൃംഖല: കാലിക്കടവിൽ 139 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന് പിന്നിൽ അന്താരാഷ്ട്ര-അന്തർസംസ്ഥാന മാഫിയ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ചന്തേര: കാസർകോട് കാലിക്കടവിൽ കാറിൽ കടത്തുകയായിരുന്ന വൻ എം.ഡി.എം.എ ശേഖരം പിടികൂടിയ കേസിന്റെ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര-അന്തർസംസ്ഥാന ബന്ധങ്ങളുള്ള ലഹരി മാഫിയാ സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. 2026 ഓഗസ്റ്റ് 9-ന് രാവിലെ പിലിക്കോട് കാലിക്കടവ് എൻ.എച്ച് 66 സർവീസ് റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് പെരുമ്പാവൂർ സ്വദേശികളായ അബ്ദുൾ സലാം, മുഹമ്മദ് ഹസ്സൻ, അബ്ബാസ് എന്നിവരെ ചന്തേര പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും ഇവർ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമായി വാണിജ്യ അളവിൽ ഉൾപ്പെടുന്ന ആകെ 139.29 ഗ്രാം എം.ഡി.എം.എയാണ് പോലീസ് പിടിച്ചെടുത്തത്.
തുടർന്ന് പോലീസ് നടത്തിയ ആഴത്തിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് കണ്ണൂർ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് രൂപംകൊണ്ട വൻ ലഹരി ശൃംഖലയുടെ പ്രവർത്തനങ്ങൾ വ്യക്തമായത്.

ജയിൽ സൗഹൃദത്തിൽ തുടങ്ങിയ ലഹരി ആസൂത്രണം
തട്ടിപ്പുകേസുകളിൽ പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി സൈനുൽ ആബിദീൻ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കാസർകോട് അമ്പലത്തറ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ, നടക്കാവ് പോലീസ് സ്റ്റേഷൻ മയക്കുമരുന്ന് കേസിലെ പ്രതിയായ ഘാന പൗരൻ വിക്ടർ ഡിസോബ എന്നിവർ റിമാൻഡിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വാട്സാപ്പ് വഴി ബന്ധം പുലർത്തിയ ഇവർ കേരളത്തിൽ വിപുലമായി മയക്കുമരുന്ന് എത്തിച്ച് വിൽക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.
തുടർന്ന് കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിൽ കഴിഞ്ഞുവരികയായിരുന്ന ഘാന പൗരൻ വിക്ടർ ഡിസോബ, അവിടെയിരുന്ന് ഒന്നിലധികം വാട്സാപ്പ് അക്കൗണ്ടുകൾ വഴി സൈനുൽ ആബിദീനുമായി ലഹരി ഇടപാടുകൾ ആസൂത്രണം ചെയ്തു. ട്രാൻസിറ്റ് ഹോമിൽ ലഹരി ലഭ്യമല്ലാതിരുന്നതിനാൽ, വിക്ടർ തന്റെ സുഹൃത്തും ഐവറി കോസ്റ്റ് സ്വദേശിയുമായ ജീൻ പിയറി സെറി (സാമുവൽ / സാമുവൽ ഓസ്ലൻ) യെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും കേരളത്തിലേക്ക് ലഹരി എത്തിക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു.
ഡൽഹി, ബെംഗളൂരു വഴികൾ; പണമിടപാടുകൾ നോയിഡയിൽ
ഐവറി കോസ്റ്റ് സ്വദേശി നൽകിയ മിസോറാം സ്വദേശികളുടെ പേരിലുള്ള എസ്.ബി.ഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സൈനുൽ ആബിദീൻ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ഓൺലൈൻ വഴിയും പണം അയച്ചു നൽകിയത്. തുടർന്ന് ജീൻ പിയറി സെറി നോയിഡയിലുള്ള തന്റെ രാജ്യക്കാരെ ഉപയോഗിച്ച് നോയിഡയിലെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയും ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിക്കുകയുമായിരുന്നു.
കൂടാതെ, കാസർകോട് സ്വദേശിയായ മുഹമ്മദ് സാബിർ തനിക്ക് ബെംഗളൂരുവിൽ വെച്ച് നേരത്തെ പരിചയമുള്ള പശ്ചിമ ബംഗാൾ സ്വദേശിനി റൂബിയ ബീഗം (ഷാതി ഷെയ്ഖ് / റിയ / റിയ ഖാൻ), അവരുടെ സുഹൃത്തായ ആഗ്ര സ്വദേശി വിഷ്ണു കുമാർ എന്നിവർ വഴിയും ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് നിരന്തരമായി എം.ഡി.എം.എ എത്തിച്ചു. ഇതിന്റെ ഭാഗമായി മുഹമ്മദ് സാബിർ തന്റെ ഭാര്യ, ഉമ്മ, സഹോദരി, മരുമകൻ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് സൈനുൽ ആബിദീനിൽ നിന്ന് പണം വാങ്ങിയെടുക്കുകയും, ലഹരി എത്തിക്കുന്നതിനുള്ള പ്രതിഫലമായി വിഷ്ണു കുമാറിന്റെ അക്കൗണ്ടിലേക്ക് സൈനുൽ ലക്ഷങ്ങൾ അയച്ചുനൽകുകയും ചെയ്തിരുന്നു.
കാസർകോട്ടേക്ക് എത്തിച്ചത് 140 ഗ്രാമോളം എം.ഡി.എം.എ
2026 ഓഗസ്റ്റ് 4-ന് ഇത്തരത്തിൽ എത്തിച്ച ലഹരിമരുന്നിൽ നിന്നും 140 ഗ്രാമോളം വരുന്ന എം.ഡി.എം.എ കാസർകോട് ജില്ലയിൽ മുഹമ്മദ് സാബിർ വഴി ചില്ലറ വിൽപന നടത്തുന്നതിനായി സൈനുൽ ആബിദീൻ ഏർപ്പാടാക്കുകയായിരുന്നു. ഇതിനായി KL 40 W 6051 എന്ന കാർ സജ്ജീകരിച്ച് നൽകുകയും, നാട്ടുകാരും സുഹൃത്തുക്കളുമായ അബ്ദുൾ സലാം, മുഹമ്മദ് ഹസ്സൻ, അബ്ബാസ് എന്നിവരെ കൈവശം മയക്കുമരുന്നാണെന്ന് ബോധ്യപ്പെടുത്തിത്തന്നെ കാസർകോട്ടേക്ക് നിയോഗിക്കുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ പൂർണ്ണമായി തെളിഞ്ഞു.അന്താരാഷ്ട്ര കണ്ണികളും ഇതരസംസ്ഥാന സംഘങ്ങളും ഉൾപ്പെട്ട ഈ ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് പോലീസ്.



