പരവനടുക്കം: ജി.എച്ച്.എസ്.എസ്. പരവനടുക്കത്തെ 1994-95 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘യവനിക’ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്ത് വർഷമായി ജീവകാരുണ്യ–സാമൂഹിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങളുമായി യവനിക സജീവമായി മുന്നോട്ട് പോവുകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
വൈസ് പ്രസിഡന്റ് ജനാർദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക ജയലക്ഷ്മി ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി മധുസൂദനൻ സ്വാഗതവും ട്രഷറർ വിനോദ് കുമാർ നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗവും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. തുടർന്ന് കുട്ടികളും മുതിർന്നവരും പങ്കെടുത്ത വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. സൗഹൃദത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഓർമ്മകൾ പുതുക്കിയ സംഗമം വൈകുന്നേരം അഞ്ചുമണിയോടെ സമാപിച്ചു.



