പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശി കാസർകോട് സൈബർ പോലീസിന്റെ പിടിയിൽ
കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിച്ച്, മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ മുഖ്യപ്രതി കാസർകോട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായി. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് അറസ്റ്റിലായത്.
കാസർകോട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 12/2026 കേസിലെ രണ്ടാം പ്രതിയാണ് നികേത്. കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപ് പി. എന്നയാളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അനൂപ് ശേഖരിച്ചു നൽകിയ ചിത്രങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ അശ്ലീല രീതിയിൽ എഡിറ്റ് ചെയ്ത് മോർഫ് ചെയ്തത് നികേത് ആണെന്ന് വ്യക്തമായത്.

സെപ്റ്റംബർ 25-ന് പുഴക്കാട്ടിരിയിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവൻ കെ.യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ നൗഷാദ് ടി.ടി., എസ്.സി.പി.ഒ.മാരായ സുധീഷ് പി.വി., സവാദ് അഷറഫ്, സി.പി.ഒ. വിപിൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 9 വരെ റിമാൻഡ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് തെളിവുകൾ, ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ എന്നിവ പോലീസ് ശേഖരിച്ചുവരികയാണ്. സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാക്കറ്റിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.



