പെർള കെ.എസ്.ഇ.ബി കേബിൾ മോഷണം: അന്തർസംസ്ഥാന സംഘത്തെ 36 മണിക്കൂറിനുള്ളിൽ വലയിലാക്കി ബദിയടുക്ക പോലീസ്, സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനകളുമാണ് കേസിൽ നിർണായക വഴിത്തിരിവായത്
ബദിയടുക്ക: പെർള കെ.എസ്.ഇ.ബി സെക്ഷന് കീഴിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന കേബിളുകൾ മോഷ്ടിച്ച അന്തർസംസ്ഥാന സംഘത്തെ ബദിയടുക്ക പോലീസ് അതിവിദഗ്ദ്ധമായി പിടികൂടി. എൻമകജെ ഗുണാജെയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ വിലവരുന്ന എ.ബി (AB) കേബിളുകൾ കവർന്ന നാലംഗ സംഘമാണ് സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ പോലീസിന്റെ പിടിയിലായത്.
മഞ്ചനാടി അസിജോലി സ്വദേശിയും നിലവിൽ പെർള അഡുക്കയിൽ താമസക്കാരനുമായ നൗഷാദ് (34), കാസർഗോഡ് ബംബ്രാണ വില്ലേജിലെ മുഹമ്മദ് ഇ. (42), ബണ്ട്വാൾ പറങ്കിപ്പേട്ട സ്വദേശി മുഹമ്മദ് ഷാഹിദ് (29), ബണ്ട്വാൾ കല്ലിഗെ വില്ലേജിലെ നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 23 വൈകുന്നേരത്തിനും 24 രാവിലെ ഒൻപതരയ്ക്കും ഇടയിലുള്ള സമയത്താണ് കേബിൾ മോഷണം നടന്നത്. ഗുണാജെയിലെ ട്രാൻസ്‌ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന എ.ബി കേബിളുകൾ KL 14 AE 9095 എന്ന വാഹനത്തിലെത്തിയ സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു. കെ.എസ്.ഇ.ബി അധികൃതരുടെ പരാതിയിൽ ബദിയടുക്ക പോലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനകളുമാണ് കേസിൽ നിർണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വാഹനം വാടകയ്‌ക്കെടുത്തത് ഒന്നാം പ്രതി നൗഷാദാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും, മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ കർണാടകയിലെ മംഗളൂരു പടീൽ, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ നിന്ന് അതിസാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ, നീർച്ചാൽ വിഷ്ണു മൂർത്തി നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്നും ഇരുമ്പ് കമ്പികൾ മോഷ്ടിച്ചതും ഇതേ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. അന്തർസംസ്ഥാന മോഷണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, വിനോദ് കുമാർ, എ.എസ്.ഐമാരായ സിനീഷ് സിറിയക്, ശശി പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് വർഗീസ്, സുഭാഷ്, ഗോകുൽ, രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, ഷിബിൻ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



