bncmalayalam.in

മട്ടന്നൂർ കിൻഫ്ര ഭൂമി ഏറ്റെടുക്കലിൽ വൻ അഴിമതി: മുൻ സ്‌പെഷ്യൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്, എസ് പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

625: മട്ടന്നൂർ കിൻഫ്ര ഭൂമി ഏറ്റെടുക്കലിൽ വൻ അഴിമതി: മുൻ സ്‌പെഷ്യൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്, എസ് പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

മട്ടന്നൂർ കിൻഫ്ര ഭൂമി ഏറ്റെടുക്കലിൽ വൻ അഴിമതി: മുൻ സ്‌പെഷ്യൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്, എസ് പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

കണ്ണൂർ: മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്ത നടപടികളിൽ വൻ ക്രമക്കേടും സാമ്പത്തിക തിരിമറിയും കണ്ടെത്തിയതിനെ തുടർന്ന് മുൻ സ്‌പെഷ്യൽ തഹസിൽദാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. വ്യാജ അവകാശികൾക്ക് വഴിവിട്ട് സഹായം നൽകി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കണ്ണൂർ വിജിലൻസ് യൂണിറ്റിന്റെ നടപടി.

പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്ന സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. അന്നത്തെ സ്‌പെഷ്യൽ തഹസിൽദാർ ഷേർളി വി.ഇ., സ്‌പെഷ്യൽ റവന്യൂ ഇൻസ്‌പെക്ടർ ഷാജി കെ., വാല്യുവേഷൻ അസിസ്റ്റന്റ് പ്രദീപ്കുമാർ പി., പട്ടാന്നൂർ വില്ലേജ് ഓഫീസർ സക്കീർ പി.പി. എന്നിവരെ പ്രതികളാക്കിയാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

kinfra-mattannur-land-acquisition-scam-vigilance-case-filed

വ്യാജ രേഖകൾക്ക് വൻതുക നഷ്ടപരിഹാരം; ഗുരുതര ക്രമക്കേടുകൾ

വ്യവസായ വികസനത്തിനായി സർക്കാർ ഭൂമി ഏറ്റെടുത്തതിൽ ഗുരുതരമായ ചട്ടലംഘനങ്ങളാണ് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായത്,നിയമപരമായ യാതൊരു രേഖകളുമില്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരുന്ന ഭൂമിക്ക് അനർഹമായി വൻതുക നഷ്ടപരിഹാരമായി അനുവദിക്കുകയും ഈ തുക കോടതിയിൽ കെട്ടിവെക്കുകയും ചെയ്തു.സർക്കാർ നിയമാനുസൃതമായി ഏറ്റെടുത്തുകഴിഞ്ഞ ഭൂമിക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് ചട്ടവിരുദ്ധമായി നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് നൽകി.ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനർഹരായ വ്യക്തികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാൻ ഒത്താശ ചെയ്തതിലൂടെ സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെച്ചു.

2025 നവംബറിൽ കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് വിജിലൻസിന് നൽകിയ പരാതിയാണ് വൻ അഴിമതി പുറത്തുകൊണ്ടുവന്നത്. പരാതിയെത്തുടർന്ന് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കുകയുമായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അഴിമതിയും സ്ഥിരീകരിച്ചതോടെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.

കണ്ണൂർ വിജിലൻസ് യൂണിറ്റിലെ പൊലീസ് ഇൻസ്‌പെക്ടർ ബാവിഷ് ബി.എസിനാണ് അന്വേഷണ ചുമതല. കോഴിക്കോട് വിജിലൻസ് (ഉത്തരമേഖല) പൊലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണൻ നായർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

‘ഓപ്പറേഷൻ സീറോ പ്രൊജക്റ്റ്’: അഴിമതിക്കെതിരെ ശക്തമായ നടപടി

സംസ്ഥാന സർക്കാർ പുതുതായി തുടക്കം കുറിച്ച അഴിമതി വിരുദ്ധ പ്രവർത്തനപദ്ധതിയായ “ഓപ്പറേഷൻ സീറോ പ്രൊജക്റ്റിന്റെ” ഭാഗമായി സർക്കാർ വകുപ്പുകളിലെ ഇത്തരം തിരിമറികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വിജിലൻസ് വ്യക്തമാക്കി. പൊതു ഓഫീസുകളിലെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പറിലൂടെ വിജിലൻസിനെ നേരിട്ട് അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *