അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ; കാസർകോട് ദേളിയിൽ ദാരുണ സംഭവം, ആത്മഹത്യ നടന്ന വീട്ടിൽ മുമ്പും രണ്ടുപേർ തൂങ്ങിമരിച്ചിരുന്നു.
കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേളി ജംഗ്ഷന് സമീപം അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിംഗ് വിദ്യാർഥിനിയായ വൈഷ്ണവിയെയും പിതാവ് ഗണേശനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് വൈഷ്ണവിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം നാട്ടുകാരെ അറിയിച്ച ഗണേശൻ വീട്ടിലേക്ക് പോയതായാണ് വിവരം. പിന്നാലെ നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഗണേശനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വൈഷ്ണവി പ്രദേശവാസികളുടെ പ്രിയപ്പെട്ട പെൺകുട്ടിയായിരുന്നു. മികച്ച വിദ്യാർഥിനിയെന്ന നിലയിൽ നേരത്തെ പ്രദേശത്തിന്റെ ആദരവും വൈഷ്ണവിക്ക് ലഭിച്ചിരുന്നു. വൈഷ്ണവിക്ക് ഒരു സഹോദരനുണ്ട്. അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്.

അതേസമയം, സംഭവം നടന്ന ഈ വീട്ടുമായി ബന്ധപ്പെട്ട് മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. ഗണേശനും കുടുംബവും താമസിക്കാൻ എത്തുന്നതിന് മുമ്പ് ഇവിടെ താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ രണ്ടുപേരും സമാന രീതിയിൽ മരിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഗണേശൻ സ്ഥിരമായി മദ്യപിച്ചിരുന്നയാളായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ അച്ഛനും മകളും മരിക്കാനിടയായ സാഹചര്യമോ സംഭവത്തിന് പിന്നിലെ യഥാർഥ കാരണമോ സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.



