എഐസിസിയിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു;സോണിയയും ഖാർഗെയും നിർത്താൻ ശ്രമിച്ചിട്ടും ഗാനം തുടർന്നു
ഫോറസ്റ്റ് വകുപ്പിന്റെ ആസ്ഥാനത്തും തിരുവനന്തപുരം കോർപ്പറേഷനിലും പൂർണ്ണമായി ആലപിച്ചപ്പോൾ കോഴിക്കോട് കോർപ്പറേഷനിൽ പരിപാടി അലങ്കോലമായി.
ന്യൂഡൽഹി: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചത് കോൺഗ്രസിന് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം.
സാധാരണയായി ആലപിച്ചുവരുന്ന ആദ്യ രണ്ട് ഖണ്ഡങ്ങൾക്കുശേഷം ഗാനം അവസാനിപ്പിക്കേണ്ടതിന് പകരം ഗായകസംഘം ആലാപനം തുടരുകയായിരുന്നു. ഇതോടെ വേദിയിൽ നാടകീയ രംഗങ്ങളുണ്ടായി.
പുറത്തുവന്ന ദൃശ്യങ്ങളിൽ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഗാനം തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ആലാപനം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി കാണാം. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ പൂർണരൂപത്തിലുള്ള വന്ദേമാതരം ആലപിക്കണമെന്ന നിർദേശം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല എന്നത് വ്യക്തമല്ല. പരിപാടിയുടെ സംഘാടന ചുമതല സേവാദളിനായിരുന്നു. പുറത്തുനിന്നെത്തിയ പ്രൊഫഷണൽ ഗായകസംഘമാണ് വന്ദേമാതരം ആലപിച്ചത്. ഇവർക്ക് പരിപാടിയുടെ രീതിയും ആലാപനം എവിടെ അവസാനിപ്പിക്കണമെന്നതും സംബന്ധിച്ച് ആവശ്യമായ നിർദേശം നൽകുന്നതിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതാകാമെന്നാണ് സൂചന.
വന്ദേമാതരം പൂർണമായി ആലപിച്ച ശേഷമാണ് മല്ലികാർജുൻ ഖാർഗെ ദേശീയപതാക ഉയർത്തിയത്.

പൂർണരൂപത്തിലുള്ള വന്ദേമാതരം ആലപിക്കാൻ ഏകദേശം മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് വേണ്ടിവരും. എന്നാൽ ചരിത്രപരമായി പൊതുവേ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് ആലപിച്ചുവരുന്നത്. മതപരമായ എതിർപ്പുകൾ പരിഗണിച്ച് 1937-ലെ കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനപ്രകാരം ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം ആലപിക്കുന്ന കീഴ്‌വഴക്കമാണ് തുടർന്നുവന്നത്.
കേരളത്തിലും വന്ദേമാതരത്തെ ചിലയിടങ്ങളിൽ വിവാദമായിരിക്കുകയാണ്. കേരളത്തിലെ ഫോറസ്റ്റ് വകുപ്പിന്റെ ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു എന്നാൽ മറ്റ് ഇടങ്ങളിൽ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ഒഴിവാക്കിയതും ശ്രദ്ധേയമാണ്.
ഇതിനിടെയാണ് കോഴിക്കോട് കോർപ്പറേഷനിൽ നടന്ന സംഭവവും പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. മേയർ ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘം ദേശീയഗാനം ആലപിക്കുന്നതിനിടെ ബിജെപി അംഗങ്ങൾ വന്ദേമാതരം ആലപിക്കുകയായിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനിടയിൽ തന്നെ വന്ദേമാതരം ഉയർന്നതോടെ പരിപാടിയുടെ ശോഭ നഷ്ടപ്പെട്ട് അലങ്കോലമായി മാറി.
കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത് സംഭവം അബദ്ധമാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇത് കോൺഗ്രസിനെതിരായുള്ള ആയുധങ്ങളാക്കി മാറ്റുകയാണ് ഇടതു സൈബർ ഇടങ്ങൾ.



