രാഷ്ട്രീയം തലയ്ക്കു കയറിയാൽ രക്തബന്ധങ്ങൾക്കും വിലയില്ലേ?
കുമ്പളയിൽ ഉന്തുവണ്ടി മാറ്റിയതിനെ ചൊല്ലി വിവാദം; സഹോദരങ്ങൾ തമ്മിൽ സംഘർഷം, ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും
കുമ്പള: രാഷ്ട്രീയം വ്യക്തിബന്ധങ്ങളെപ്പോലും മറികടക്കുന്ന സാഹചര്യമാണോ കുമ്പളയിൽ ഉണ്ടായതെന്ന ചർച്ചയ്ക്ക് വഴിവെച്ച് സഹോദരങ്ങൾ തമ്മിലുള്ള സംഘർഷം. ഉപജീവനത്തിനായി കുമ്പള പഴയ ബസ് സ്റ്റാൻഡിന് സമീപം ആരംഭിച്ച കടലക്കച്ചവടത്തിന്റെ ഉന്തുവണ്ടി മാറ്റിയതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ ഇർഷാദിന് മർദനമേറ്റതായി പരാതി. അതേസമയം, തന്നെ മർദിച്ചെന്നാരോപിച്ച് എസ്.ടി.യു പ്രവർത്തകനായ നൗഷാദും ആശുപത്രിയിൽ ചികിത്സ തേടി.
കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ ഗഫൂർ കടലക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഉന്തുവണ്ടി മാറ്റിയതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പറയുന്നത്. മൂന്ന് മാസമായി ജോലിയില്ലാതിരുന്ന ഗഫൂർ കുടുംബത്തെ പോറ്റുന്നതിനായി കടം വാങ്ങിയ പണം ഉൾപ്പെടെ ഏകദേശം 30,000 രൂപ ചെലവഴിച്ചാണ് വീണ്ടും കച്ചവടം ആരംഭിച്ചത്. സ്കൂൾ കാലം മുതൽ കുമ്പള ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും കടല വിറ്റ് ഉപജീവനം നടത്തിയിരുന്ന ഗഫൂർ മൂന്ന് ദിവസം മുമ്പാണ് പുതിയതായി കച്ചവടം തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഗഫൂർ കടല വറുത്തുകൊണ്ടിരിക്കെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പാത്രത്തിൽ നിന്ന് കടല എടുത്തതായി പറയുന്നു. കച്ചവടം ആരംഭിച്ചിട്ടില്ലെന്നും കുറച്ചുസമയം കഴിഞ്ഞാൽ കടല നൽകാമെന്നും ഗഫൂർ പറഞ്ഞതോടെ ഇയാൾ ദേഷ്യപ്പെട്ട് പത്ത് രൂപ വലിച്ചെറിഞ്ഞതായും തുടർന്ന് കടല വാങ്ങിയ ശേഷം അടുത്ത ദിവസം മുതൽ ഉന്തുവണ്ടി ഇവിടെ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഗഫൂർ പറയുന്നു.
ഇതിന് പിന്നാലെ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കുമ്പള ടൗണിൽ ശുചീകരണ ജോലികൾ നടത്തുകയായിരുന്ന തൊഴിലാളികൾ ഗഫൂറിന്റെ ഉന്തുവണ്ടി മാറ്റി മുസ്ലിം ലീഗ് ഓഫീസിന് സമീപം കൊണ്ടുവെച്ചതാണ് വിവാദമായത്.
കുമ്പള ബസ് സ്റ്റാൻഡ് കോംപ്ലക്‌സ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലമൊഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉന്തുവണ്ടി മാറ്റിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ, നടപടി നിയമപരമായതാണെങ്കിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതിന് പകരം രാഷ്ട്രീയ പാർട്ടി ഓഫീസിന് സമീപം കൊണ്ടുവെച്ചത് പ്രതികാര നടപടിയെന്ന സംശയത്തിന് ഇടയാക്കിയെന്നാണ് ഗഫൂറിനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്.

അതേസമയം, കുമ്പള ടൗണിൽ നടപ്പാതകളും റോഡരികുകളും കയ്യേറി വ്യാപാരം നടത്തുന്നവർക്കെതിരെ സമാനമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാർക്കറ്റ് റോഡിലെ വ്യാപകമായ കയ്യേറ്റങ്ങൾ, ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ മുതൽ തലങ്ങും വിലങ്ങും നിർത്തിയിടുന്ന വാഹനങ്ങൾ, വൈകിട്ട് അഞ്ചിന് ശേഷം ടെമ്പോകളിൽ രാത്രി വരെ നടക്കുന്ന പഴവർഗ വിൽപ്പന തുടങ്ങിയവക്കെതിരെ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത്, കുടുംബത്തിന്റെ ഉപജീവനത്തിനായി ചെറിയ രീതിയിൽ കച്ചവടം നടത്തിയ ഗഫൂറിന്റെ ഉന്തുവണ്ടിക്കെതിരെ മാത്രം നടപടി സ്വീകരിച്ചതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.


കുമ്പള ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വിൽപ്പന സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവെച്ച് കച്ചവടം നടത്തുന്നതോടെ കാൽനടയാത്രക്കാർക്ക് പോലും സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഈ വിഷയങ്ങൾ പ്രാദേശികമായ ‘ദുരന്ത നിർവഹണ അറിയിപ്പ്’ ഗ്രൂപ്പിലും ചർച്ചയായതായി ബന്ധപ്പെട്ടവർ പറയുന്നു.
ഇതിനിടെയാണ് ഗ്രൂപ്പിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ ഇർഷാദും സഹോദരനും എസ്.ടി.യു–മുസ്ലിം ലീഗ് പ്രവർത്തകനുമായ നൗഷാദും തമ്മിൽ സംഘർഷമുണ്ടായതായി പരാതി ഉയർന്നത്. വിദ്യാർഥികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരുന്ന ഇർഷാദിനെ തടഞ്ഞുനിർത്തി നൗഷാദ് മർദിച്ചെന്നാണ് ഇർഷാദിന്റെ ആരോപണം.
മർദനത്തിനിടെ തന്നെക്കൊണ്ട് കഴിയുന്നതുപോലെ ചെയ്യണമെന്നും ലീഗ് പ്രവർത്തകരോട് ജാഗ്രതയോടെ സംസാരിക്കണമെന്നും നൗഷാദ് പറഞ്ഞതായും ഇർഷാദ് ആരോപിക്കുന്നു. മർദനത്തിൽ പരിക്കേറ്റ ഇർഷാദ് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, തന്നെ മർദിച്ചെന്നാരോപിച്ച് നൗഷാദും മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ യഥാർഥ സംഭവക്രമം വ്യക്തമാകുമെന്നാണ് ഇർഷാദ് പറയുന്നത്. ഉന്തുവണ്ടിയുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങളും നൗഷാദ് തനിക്ക് അയച്ചിട്ടുണ്ടെന്നും ഇർഷാദ് ആരോപിച്ചു.
“ഗഫൂറിന്റെ ഉന്തുവണ്ടി കച്ചവടത്തിൽ നിയമലംഘനമുണ്ടെങ്കിൽ നിയമപ്രകാരം നടപടി സ്വീകരിക്കാം. എന്നാൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. ഒരു കുടുംബത്തിന്റെ ഏക ഉപജീവനമാർഗം ഇല്ലാതാക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുകയും മനുഷ്യസഹജമായ സമീപനം സ്വീകരിക്കുകയും ചെയ്യേണ്ടതായിരുന്നു”, ഇർഷാദ് പറഞ്ഞു.
ഒരു ചെറിയ ഉപജീവനമാർഗവുമായി ബന്ധപ്പെട്ട തർക്കം രാഷ്ട്രീയ സംഘർഷത്തിലേക്കും ഒടുവിൽ സഹോദരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും എത്തിയതാണ് കുമ്പളയിലെ സംഭവത്തെ കൂടുതൽ ഗൗരവതരമാക്കുന്നത്.



