പേരാവൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവത്തിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടിയൂർ സ്വദേശിക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ അംശം ദേശത്തെ ആലുങ്കൽ വീട്ടിൽ ജോസഫിന്റെ മകൻ ബിജു (53)ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ എക്സൈസ് സംഘത്തെ കണ്ട് ചാരായം അടങ്ങിയ പ്ലാസ്റ്റിക് ചാക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓണത്തോടനുബന്ധിച്ച് കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട് തുടങ്ങിയ മലയോര മേഖലകളിൽ വ്യാജവാറ്റും ചാരായ വിൽപ്പനയും നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് റേഞ്ച് സംഘം പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനയ്ക്കിടെ പൊട്ടൻതോട്–കരിമ്പുംകണ്ടം ഭാഗത്ത് എത്തിയപ്പോഴാണ് ബിജുവിനെ 10 ലിറ്റർ ചാരായവുമായി എക്സൈസ് സംഘം കണ്ടത്.
എക്സൈസ് സംഘത്തെ കണ്ടതോടെ ബിജു ചാരായം നിറച്ച കന്നാസ് ഉൾപ്പെടെയുള്ള ചാക്ക് നിലത്തിട്ട് ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. തുടർന്ന് ബിജുവിനെ പ്രതിയാക്കി അബ്കാരി നിയമത്തിലെ 8(1), 8(2) വകുപ്പുകൾ പ്രകാരം പേരാവൂർ എക്സൈസ് റേഞ്ചിൽ CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു.
ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ. പത്മരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ. കെ. ബിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മജീദ് കെ., സിവിൽ എക്സൈസ് ഓഫീസർ എം. കെ. ബാലകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷാ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



