bncmalayalam.in

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളി; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം: ഉത്തരവിറക്കി സംസ്ഥാന സർക്കാർ

488: കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളി; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം: ഉത്തരവിറക്കി സംസ്ഥാന സർക്കാർ

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളി; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം: ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഈ നിർദേശം കൈമാറിയത്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടിയും.പുതിയ നിർദേശപ്രകാരം, സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനമായ ജനഗണമനയും ആലപിക്കണം. സംസ്ഥാന ഗീതം ഇല്ലാത്ത സാഹചര്യത്തിൽ ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് മാർഗനിർദേശം.

ഇതിനിടെ, വന്ദേമാതരം മുഴുവനായും ആലപിക്കേണ്ടതില്ല എന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പൊതുപരിപാടികളിൽ സാധാരണയായി ആദ്യ രണ്ട് പദ്യങ്ങൾ മാത്രം ആലപിക്കുന്നതാണ് പതിവെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് മുഴുവനും പാടണമെന്ന കടുത്ത നിലപാട് സ്വീകരിക്കുന്നത് എന്നാണ് ചോദ്യം ഉയരുന്നത് .

എന്തുകൊണ്ടാണ് വന്ദേമാതരം വിവാദമാകുന്നത്?

ബങ്കിംചന്ദ്ര ചട്ടോപാധ്യായ എഴുതിയ ‘ആനന്ദമഠം’ എന്ന നോവലിൽ ഉൾപ്പെട്ട ഗാനമാണ് വന്ദേമാതരം. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൽ ഈ ഗാനം വലിയ പ്രചോദനമായിരുന്നുവെങ്കിലും, അതിലെ ചില ഭാഗങ്ങൾ വർഷങ്ങളായി വിവാദ വിഷയമാണ്.

വിവാദത്തിന് പ്രധാന കാരണം, ഗാനത്തിന്റെ പിന്നീടുള്ള പദ്യങ്ങളിൽ ഭാരതമാതാവിനെ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ഹിന്ദു ദേവതകളുടെ രൂപത്തിൽ സ്തുതിക്കുന്ന വരികൾ ഉൾപ്പെടുന്നതാണ്. ഏകദൈവ വിശ്വാസം പിന്തുടരുന്ന മുസ്ലിം ഉൾപ്പെടെയുള്ള ചില മതവിഭാഗങ്ങൾ, ഇത്തരം ദേവതാരാധനാപരമായ വരികൾ ആലപിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തോട് യോജിക്കുന്നില്ലെന്നാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. “ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ” (നീയാണ് ആയുധങ്ങൾ ധരിച്ച ദുർഗാദേവി)“കമലാ കമലദള വിഹാരിണീ” (നീയാണ് ലക്ഷ്മിദേവി)“വാണീ വിദ്യാദായിനീ” (നീയാണ് സരസ്വതി ദേവി) ഈ ദേവീ സങ്കൽപ്പങ്ങളാണ് ചില സംഘടനകളും മതപണ്ഡിതരും എതിർപ്പുമായി മുന്നോട്ടുവരാൻ കാരണമായത്.

1950-ൽ ഇന്ത്യയുടെ ഭരണഘടനാ സഭ ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ ആദരവുള്ള ദേശീയഗീതത്തിന്റെ പദവിയും നൽകിയിരുന്നു. എന്നാൽ, മതപരമായ വിവാദങ്ങൾ ഒഴിവാക്കുന്നതിനായി ആദ്യ രണ്ട് പദ്യങ്ങൾ മാത്രം പൊതുപരിപാടികളിൽ ആലപിക്കുന്നതാണ് പതിറ്റാണ്ടുകളായി രാജ്യത്ത് പിന്തുടരുന്ന രീതി. ഈ രണ്ട് പദ്യങ്ങളിൽ പ്രകൃതിസൗന്ദര്യവും മാതൃഭൂമിയുടെ മഹത്വവുമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്; ദേവതാ സങ്കൽപ്പങ്ങൾ പിന്നീട് വരുന്ന പദ്യങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശം പ്രകാരം മുഴുവൻ വന്ദേമാതരം ആലപിക്കണമെന്ന് വ്യക്തമാക്കിയതോടെ വീണ്ടും വിവാദത്തിലേക്ക് ആണ് വന്ദേമാതരം പോകുന്നത്

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *