ഇരുട്ടിലായ കെ.എസ്.ഇ.ബി; ശ്വാസം കിട്ടാതെ പൊലിഞ്ഞ ഒരു ജീവന് , ഇൻവെർട്ടർ വാങ്ങാൻ പണമില്ലാത്തവൻ ശ്വാസം മുട്ടി മരിച്ചുകൊള്ളണം എന്നതാണോ നിലപാട് ?
കൊച്ചി: കേരളം അഭിമാനത്തോടെ പറയുന്ന ആരോഗ്യ മാതൃകകൾക്കും ഡിജിറ്റൽ യുഗത്തിലെ ഭരണനേട്ടങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം. പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ചതോടെ ശ്വാസമെടുക്കാനാവാതെ ഒരു മനുഷ്യജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. ആശുപത്രിയിൽ നിന്നും ഓക്സിജൻ സപ്പോർട്ടോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിയാണ്, കെ.എസ്.ഇ.ബിയുടെ അനാസ്ഥയിലും അധികൃതരുടെ ക്രൂരമായ മറുപടിയിലും പെട്ട് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപ്രവർത്തകയായ ചിത്ര അഭയ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഈ ദുരനുഭവം കേരള മനസ്സാക്ഷിയെ ഉലയ്ക്കുന്നതും അതേസമയം തന്നെ ഭയപ്പെടുത്തുന്നതുമാണ്.
അർധരാത്രി പന്ത്രണ്ട് മണിയോടെ പ്രദേശത്ത് വൈദ്യുതി നിലയ്ക്കുകയായിരുന്നു. ശ്വാസകോശ രോഗിയായ ആ മനുഷ്യന്റെ ജീവൻ നിലനിർത്തിയിരുന്ന ഓക്സിജൻ മെഷീൻ നിശ്ചലമായതോടെ ശരീരത്തിലെ ഓക്സിജൻ ലെവൽ ക്രമാതീതമായി താഴ്ന്നു. 39-ലേക്കും 40-ലേക്കും ശ്വാസഗതി കൂപ്പുകുത്തിയ ആ ഭയനാകമായ നിമിഷങ്ങളിൽ, ആശ്വാസം തേടി വീട്ടുകാർ വിളിച്ചത് കെ.എസ്.ഇ.ബി ഓഫീസിലേക്കാണ്. എന്നാൽ, അവിടെ നിന്നും ലഭിച്ച മറുപടി ഒരു ജനകീയ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നു. “എന്തുകൊണ്ട് ഒരു ഇൻവെർട്ടർ വാങ്ങി വെച്ചില്ല?” എന്ന ക്രൂരവും നിരുത്തരവാദപരവുമായ ചോദ്യമാണ് ജീവനുവേണ്ടി യാചിച്ച ആ കുടുംബത്തിന് നേരെ കെ.എസ്.ഇ.ബി ജീവനക്കാർ എറിഞ്ഞു കൊടുത്തത്.

ഈ മറുപടി നൽകുന്ന ആഘാതം ചെറുതല്ല. ഒരു സാധാരണക്കാരന് ഇൻവെർട്ടർ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണമെന്നില്ല എന്ന ലളിതമായ യാഥാർത്ഥ്യം പോലും മനസ്സിലാക്കാൻ കഴിയാത്ത വിധം നമ്മുടെ പൊതുസംവിധാനങ്ങൾ അന്ധമായിപ്പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തനിക്ക് വന്ന ഒരു ഫോൺ കോളിനെത്തുടർന്ന് ചിത്ര ആ വീട്ടിലേക്ക് ഓടിയെത്തുമ്പോഴേക്കും ആ അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ‘ആരും അറിയാതെ ഇതുപോലെ എത്രയോ ജീവനുകളാണ് ശ്വാസം കിട്ടാതെ നമ്മുടെ നാട്ടിൽ പൊലിയുന്നത്’ എന്ന ചിത്രയുടെ വാക്കുകൾ കേവലം ഒരു ആരോപണമല്ല, മറിച്ച് നിലവിലെ ദുരവസ്ഥയുടെ നേർച്ചിത്രമാണ്.
കേരളത്തിൽ ലോഡ്ഷെഡിങ്ങും പ്രഖ്യാപിത-അപ്രഖ്യാപിത പവർക്കട്ടുകളും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ ദുരന്തം നടക്കുന്നത്. പലപ്പോഴും അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് മണിക്കൂറുകളോളമാണ് വൈദ്യുതി വിച്ഛേദിക്കുന്നത്. ഡിജിറ്റൽ ഹെൽത്ത് കെയറുകളെക്കുറിച്ചും വികേന്ദ്രീകൃത ചികിത്സാരീതികളെക്കുറിച്ചും നാം വലിയ വാചകങ്ങൾ പറയുമ്പോൾ, ജീവൻ നിലനിർത്താൻ മെഡിക്കൽ ഉപകരണങ്ങളെ ആശ്രയിക്കുന്ന രോഗികൾക്ക് തടസ്സമില്ലാതെ വൈദ്യുതി നൽകാൻ പോലുമാകാത്ത അവസ്ഥയിലാണ് കെ.എസ്.ഇ.ബി.
ഒരു വശത്ത് വൈദ്യുതി നിരക്കുകൾ അടിക്കടി വർധിപ്പിച്ച് ജനങ്ങളെ പിഴിയുമ്പോഴും, മറുവശത്ത് അത്യാവശ്യ ഘട്ടങ്ങളിൽപ്പോലും മിനിമം ഉത്തരവാദിത്തം കാണിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ മരണം ഒരു സ്വാഭാവിക മരണമല്ല, മറിച്ച് വ്യവസ്ഥിതിയുടെ അനാസ്ഥ സൃഷ്ടിച്ച കൊലപാതകമാണ്. ഇൻവെർട്ടർ വാങ്ങാൻ പണമില്ലാത്തവൻ ശ്വാസം മുട്ടി മരിച്ചുകൊള്ളണം എന്ന നിലപാടിലേക്ക് നമ്മുടെ ഉദ്യോഗസ്ഥവൃന്ദം അധഃപതിച്ചിട്ടുണ്ടെങ്കിൽ, നമ്മൾ കെട്ടിപ്പൊക്കിയ പ്രബുദ്ധതയ്ക്ക് എന്ത് അർത്ഥമാണുള്ളത്?
ഇനിയെങ്കിലും ഭരണകൂടവും വൈദ്യുതി വകുപ്പും കണ്ണ് തുറക്കണം. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വീടുകളിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും, അത്തരം വീടുകളിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാനും അല്ലെങ്കിൽ കൃത്യമായ മുൻകരുതലുകൾ നൽകാനും അടിയന്തര സംവിധാനമുണ്ടാകണം. ഇനിയുമൊരു ജീവൻ ഇങ്ങനെ ശ്വാസം കിട്ടാതെ പിടഞ്ഞു തീരാൻ ഈ നാട് അനുവദിച്ചുകൂടാ.



