കാസർഗോഡ് വീണ്ടും ഇരുട്ടിൽ: 72 മണിക്കൂറിൽ 20 മണിക്കൂറും പവർകട്ട്; കെ.എസ്.ഇ.ബിക്ക് മൗനം, ജനറേറ്റർ ശബ്ദത്തിൽ മുങ്ങി നഗരം
കാസർഗോഡ്: തുടർച്ചയായ വൈദ്യുതി മുടക്കം മൂലം കാസർഗോഡ് നഗരവും പരിസരപ്രദേശങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ 72 മണിക്കൂറിനിടെ മാത്രം ഏകദേശം 26 മണിക്കൂറോളമാണ് നഗരത്തിൽ പവർകട്ട് ഏർപ്പെടുത്തിയത്. കെ.എസ്.ഇ.ബിയുടെ ഈ കടുത്ത ജനദ്രോഹ നടപടിയിൽ നഗരത്തിലെ വ്യാപാരമേഖല പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. എപ്പോൾ അന്വേഷിച്ചാലും ‘അറ്റകുറ്റപ്പണി’ എന്ന സ്ഥിരം ന്യായീകരണം മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും അറ്റകുറ്റപ്പണി നടത്തുന്ന കെ.എസ്.ഇ.ബിയുടെ ഈ വിചിത്രമായ നടപടിയെ പരിഹസിച്ച്, ‘ഇത്രയധികം അറ്റകുറ്റപ്പണി നടത്തുന്നതിന് കെ.എസ്.ഇ.ബിക്ക് പ്രത്യേക അവാർഡ് തന്നെ നൽകണം’ എന്നാണ് പൊതുജനങ്ങളും വ്യാപാരികളും പറയുന്നത്.
വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
വൈദ്യുതി മുടക്കം നഗരത്തിലെ കച്ചവടക്കാരെ, പ്രത്യേകിച്ച് ശീതീകരണ സംവിധാനങ്ങളെ (Cold Storage / Refrigeration) ആശ്രയിച്ച് ജീവിക്കുന്ന വ്യാപാരികളെ വൻ തകർച്ചയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മത്സ്യ-മാംസ വ്യാപാരികൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, മിൽക്ക് ബൂത്തുകൾ എന്നിവർക്ക് ഫ്രിഡ്ജുകളും ഫ്രീസറുകളും പ്രവർത്തിക്കാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോശമായി പോകുന്നത് , ഒരുവട്ടം ഫ്രോസൺ ചെയ്ത വസ്തുക്കൾ വീണ്ടും ഫ്രോസൺ ചെയ്തു ഉപയോഗിച്ചാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും , അതുകൊണ്ട് ഇത്തരം സാധനങ്ങൾ ഒഴിവാക്കുക എന്നത് മാത്രമാണ് വ്യാപാരികളുടെ മുന്നിലുള്ള വഴി .സാധാരണ ചെറുകിട ജനറേറ്ററുകൾ കൊണ്ട് വലിയ ശീതീകരണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ഇതിനായി വലിയ കപ്പാസിറ്റിയുള്ള ജനറേറ്ററുകൾ ആവശ്യമാണ്. എന്നാൽ ആവശ്യമുള്ള സമയത്ത് ഇവ വാടകയ്ക്ക് ലഭ്യവുമല്ല.സ്വന്തമായി ഒരു വലിയ ജനറേറ്റർ വാങ്ങണമെങ്കിൽ കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും ചിലവ് വരും. കോവിഡിന് ശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത്രയും വലിയൊരു തുക കണ്ടെത്താൻ വ്യാപാരികൾക്ക് കഴിയില്ല. ഇനി കണ്ടെത്തിയാൽ ആകട്ടെ ഇത് എവിടെ കൊണ്ടുവെക്കും എന്നുള്ളതും ചോദ്യമാണ് .
“പൊതുജനങ്ങളെയും വ്യാപാരികളെയും ഇത്രത്തോളം വെല്ലുവിളിച്ചുകൊണ്ട് നിരന്തരം വൈദ്യുതി മുടക്കം വരുത്തുന്ന ഒരു കാലം ഞങ്ങളുടെ ഓർമ്മയിൽ പോലുമില്ല.” – നഗരത്തിലെ ഒരു ഐസ്ക്രീം വ്യാപാരി പറയുന്നു
നേതൃത്വമില്ലാതെ സാധാരണ വ്യാപാരികൾ; പ്രതിഷേധം ശക്തമാകുന്നു
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ ഒരു ശക്തമായ സമരം നയിക്കാനോ ഉള്ള നേതൃത്വം പോലും ഇന്ന് സാധാരണക്കാരായ വ്യാപാരികൾക്കില്ലെന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. വ്യാപാര സംഘടനകളുടെ നേതൃത്വം ഒരു പ്രത്യേക വിഭാഗം ആളുകൾ മാത്രം കയ്യാളി വെച്ചിരിക്കുകയാണെന്നും, തങ്ങളുടെ ദുരിതങ്ങൾ കാണാൻ ആരുമില്ലെന്നും സാധാരണക്കാരായ വ്യാപാരികൾ ആക്ഷേപിക്കുന്നു.
അധികൃതരുടെ നിസ്സംഗത തുടർന്നാൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പിലാണ് വ്യാപാരികൾ. വ്യാപാര വ്യവസാ ഏകോപന സമിതി വ്യാപാരികളുടെ ക്ഷമ പരീക്ഷിക്കാതെ ശക്തമായി രംഗത്തുവരണം ഒന്നും ഇവർ ആവശ്യപ്പെടുന്നു . സംഘടനയുടെ മറവിൽ ടൂറും സുഖചികിത്സയും മാത്രം ഉപയോഗപ്പെടുത്തിയാൽ പോരാ വ്യാപാരികളുടെ കണ്ണീർ കാണാൻ കൂടി നേതാക്കൾ തയ്യാറാകണമെന്നും രാഷ്ട്രീയ പാപ്പരത്തം ഉണ്ടെങ്കിൽ സംഘടനാ ചുമതല ഒഴിഞ്ഞു പോകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു . കാസർഗോഡ് നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാൻ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടേണ്ടത് അത്യാവശ്യമാണ് .



