പുതിയ വീട്ടിലെ സന്തോഷം മായുംമുമ്പ് മരണം കവർന്നു; ആറുവരി പാതയിലെ ദുരന്തത്തിൽ ഒരു കുടുംബത്തിന്റെ അത്താണിയായ റഫീഖിന് ദാരുണാന്ത്യം
കാസർകോട്: വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ സ്വന്തമായി പണിത വീട്ടിൽ കുടുംബത്തോടൊപ്പം സ്വപ്നങ്ങൾ നെയ്തുതുടങ്ങിയ ഒരു മനുഷ്യന്റെ ജീവിതമാണ് ആറുവരി പാതയിലെ മറ്റൊരു ദുരന്തത്തിൽ അവസാനിച്ചത്. നായന്മാർമൂലയിൽ ഹിൽടോപ്പ് അരീനയ്ക്ക് എതിർവശത്ത് ഇന്ന് വൈകുന്നേരം ആറുമണിയോടെ ഉണ്ടായ ഭീകര വാഹനാപകടത്തിൽ ആലംപാടി സ്വദേശിയും വ്യവസായിയുമായ റഫീഖ് (45) (ബൂട്ടിച്ചന്റെ റാപ്പി) മരണത്തിന് കീഴടങ്ങി.


മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയാണ് റഫീഖ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. അതിവേഗത്തിലെത്തിയ ലോറി ബൈക്കിൽ ഇടിച്ചതോടെ റഫീഖ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിലെ ഇരുമ്പ് ബാറുകളിൽ തലയിടുകയായിരുന്നു. ഹെൽമറ്റ് പൂർണമായും തകർന്ന നിലയിലായിരുന്നു.
രക്തത്തിൽ കുളിച്ചുകിടന്ന റഫീഖിനെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവാർത്ത ആശുപത്രിയിൽ നിന്നെത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരിലായി.

റഫീഖിന്റെ വിയോഗത്തെ കൂടുതൽ വേദനാജനകമാക്കുന്നത് അദ്ദേഹത്തിന്റെ ജീവിതകഥയാണ്. വർഷങ്ങളുടെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി പണിത സ്വന്തം വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയത് വെറും രണ്ടുമാസം മുൻപാണ്. പുതിയ വീടിന്റെ ഓരോ മുറിയിലും സന്തോഷത്തിന്റെ സ്വപ്നങ്ങൾ നിറയാൻ തുടങ്ങിയപ്പോഴാണ് വിധി ക്രൂരമായി അദ്ദേഹത്തെ തട്ടിയെടുത്തത്.
പാടി കേന്ദ്രീകരിച്ച് വളം വ്യാപാരം നടത്തി വന്നിരുന്ന റഫീഖ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യയും 14 വയസ്സുള്ള മകനും ഇളയ മകളും അടങ്ങുന്നതാണ് കുടുംബം .

ചെറിയ പ്രായം മുതൽ അധ്വാനത്തെ ജീവിതമാക്കിയ റഫീഖ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ആരോടും പുഞ്ചിരിയോടെ സംസാരിക്കുന്നതും ആവശ്യഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്നതും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ റഫീഖിന്റെ അകാലവിയോഗം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ തന്നെ വേദനയായി മാറിയിരിക്കുകയാണ്.
ആറുവരി പാതയിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞപ്പോൾ, ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭാവിയും ഒറ്റ നിമിഷം കൊണ്ട് തകർന്നുവീണ ദാരുണ കാഴ്ചയ്ക്കാണ് കാസർകോട് സാക്ഷിയായത്. പുതിയ വീടിന്റെ ചുവരുകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് സന്തോഷത്തിന്റെ ഓർമ്മകളല്ല, മറിച്ച് ഒരിക്കലും മായാത്ത ഒരു കുടുംബത്തിന്റെ കണ്ണീരാണ്.



