സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ കണ്ണീരാകുന്നു മരുന്ന് ക്ഷാമം; മരുന്ന് വാങ്ങാൻ പണമില്ലാതെ തളരുന്ന വയോധികരുടെ നിശ്ശബ്ദ നിലവിളി ആരെങ്കിലും കേൾക്കുന്നുണ്ടോ?
കാസർഗോഡ്: രോഗം വരുന്നത് ആരോടും ചോദിച്ചല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി പോലെയാണ് പലപ്പോഴും അസുഖങ്ങൾ കടന്നുവരുന്നത്. അപ്പോഴാണ് അവസാന പ്രതീക്ഷയായി അവർ സർക്കാർ ആശുപത്രികളുടെ പടിവാതിൽ കയറുന്നത്. എന്നാൽ ഇന്ന് അവിടെ എത്തുന്ന പലർക്കും ചികിത്സയേക്കാൾ വലിയ വേദനയായി മാറുന്നത് മരുന്ന് ലഭിക്കാത്ത അവസ്ഥയാണ്.

കഴിഞ്ഞ ഒന്നര മാസത്തിലേറെയായി സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഡോക്ടർ കുറിച്ചുതരുന്ന മരുന്നുകളുടെ പട്ടികയുമായി പ്രതീക്ഷയോടെ കൗണ്ടറിലെത്തുന്ന രോഗികൾക്ക് ലഭിക്കുന്ന മറുപടി പലപ്പോഴും ഒരു വാചകം മാത്രം…
“ഈ മരുന്ന് പുറത്തുനിന്ന് വാങ്ങണം…”
ആ വാക്ക് കേൾക്കുന്ന നിമിഷം പലരുടെയും മുഖത്തെ പ്രതീക്ഷ മാഞ്ഞുപോകുന്നു. കാരണം ആശുപത്രിയിലേക്ക് വരുമ്പോൾ മരുന്നിനായി ആയിരക്കണക്കിന് രൂപ കരുതിയല്ല അവർ എത്തുന്നത്. ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയുമായാണ് അവർ എത്തുന്നത്.
കഴിഞ്ഞ ദിവസം കാസർഗോഡ് ജനറൽ ആശുപത്രിക്ക് സമീപം നടന്ന ഒരു സംഭവം ഈ ദുരിതത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. പുത്തൂർ പഞ്ചായത്ത് പരിധിയിൽ നിന്നെത്തിയ ഒരു വയോധികയ്ക്ക് ഡോക്ടർ നിർദേശിച്ച മരുന്നുകൾ പുറത്തുനിന്നു വാങ്ങിക്കാൻ ഏകദേശം 640 രൂപ വേണമെന്ന് അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ മെഡിക്കൽ ഷോപ്പിന് മുന്നിൽ തളർന്നുനിന്നു.
ഒടുവിൽ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് ബല്ലിർ ഇടപെട്ട് മരുന്ന് വാങ്ങി നൽകിയതോടെയാണ് ആ വയോധികയ്ക്ക് ആശ്വാസമായത്. എന്നാൽ സഹായിക്കാൻ ഒരാൾ ഉണ്ടായതുകൊണ്ടാണ് ആ രോഗിക്ക് മരുന്ന് ലഭിച്ചത്. അങ്ങനെ ആരുമില്ലാത്ത എത്രയോ മനുഷ്യർ ദിവസേന ആശുപത്രി വരാന്തകളിൽ നിശ്ശബ്ദമായി തോൽക്കുകയാണ്.
രോഗികളുടെ വാക്കുകളിൽ ആ വേദന കൂടുതൽ വ്യക്തമാണ്.
“ജീവിതത്തിൽ ഒരാളുടെയും മുന്നിൽ കൈ നീട്ടി പരിചയമില്ലാത്തവരാണ് ഞങ്ങൾ. പക്ഷേ ഒരു നിമിഷം കൊണ്ട് യാചകരായതുപോലെയാണ് തോന്നുന്നത്. മരുന്ന് വാങ്ങാൻ പണമില്ലെന്ന് മനസ്സിലാകുമ്പോൾ ആരെ വിളിക്കണം, ആരുടെ മുന്നിൽ കൈ നീട്ടണം എന്നറിയാതെ നിൽക്കും…”
അവർ പറയുന്നത് അവിടെ അവസാനിക്കുന്നില്ല.
“മരുന്ന് കൗണ്ടറിലുള്ള ചിലരുടെ നോട്ടം പോലും ഞങ്ങളെ തകർക്കുന്നുണ്ട്. എന്തോ വലിയ കുറ്റം ചെയ്തുവന്നവരെ പോലെയാണ് ചിലപ്പോൾ പെരുമാറ്റം. സഹാനുഭൂതി എന്ന വാക്ക് ആ മുഖങ്ങളിൽ നിന്ന് എടുത്തുമാറ്റിയതുപോലെ തോന്നും. ‘പുറത്തുനിന്ന് വാങ്ങിക്കോ’ എന്ന് ദേഷ്യപ്പെട്ട് പറയുന്നതുപോലെ. ഞങ്ങൾക്ക് ഗതിയുണ്ടായിരുന്നെങ്കിൽ സർക്കാർ ആശുപത്രിയുടെ മുന്നിൽ വരുമായിരുന്നോ?”
ഈ ചോദ്യത്തിന് മറുപടി പറയാൻ ആരുണ്ട്?
ദിവസവേതനം കിട്ടിയാൽ മാത്രം അടുപ്പ് പുകയുന്ന വീടുകളാണ് പലതും. വീട്ടുവാടക, വൈദ്യുതി ബിൽ, കുട്ടികളുടെ പഠനം, ഭക്ഷണം ,ഇതിനിടയിൽ രോഗം കൂടി കടന്നുവരുമ്പോൾ ജീവിതം തന്നെ തകരുകയാണ്. അത്തരം സാഹചര്യത്തിലാണ് സർക്കാർ ആശുപത്രികളിലേക്ക് അവർ ഓടിയെത്തുന്നത്.
പക്ഷേ അവിടെയും മരുന്നില്ലെന്ന് കേൾക്കുമ്പോൾ പലർക്കും തോന്നുന്നത് ഒറ്റ കാര്യം മാത്രമാണ്.
“ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുമ്പോൾ ഈ നാട്ടിൽ ജനിച്ചുപോയി എന്നൊരു തോന്നലാണ് വരുന്നത്… അത്രയും നാണക്കേടും നിസ്സഹായതയും അനുഭവിക്കേണ്ടി വരുന്നു.. എന്നാണ് സുമ എന്ന സ്ത്രീ ഞങ്ങളോട് പറഞ്ഞത്.
രോഗം ശരീരത്തെ മാത്രമല്ല, ഇത്തരം അനുഭവങ്ങൾ മനസ്സിനെയും തകർക്കുന്നു. മരുന്ന് വാങ്ങാൻ പണമില്ലാത്തതുകൊണ്ട് ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരും കടം വാങ്ങി മരുന്ന് വാങ്ങുന്നവരും കണ്ണീരോടെ വീട്ടിലേക്ക് മടങ്ങുന്നവരും വർധിക്കുകയാണ്.
സർക്കാർ ആശുപത്രി എന്നത് സാധാരണക്കാരന്റെ അവസാന അഭയകേന്ദ്രമാണ്. അവിടെ നിന്ന് പോലും നിരാശ മാത്രം ലഭിക്കുമ്പോൾ, ആ മനുഷ്യൻ പിന്നെ എവിടേക്ക് പോകണം?
“രോഗത്തെക്കാൾ വലിയ വേദന ഇന്ന് മരുന്നിനുള്ള പണം കണ്ടെത്തലാണ്… ചികിത്സ തേടി വന്ന മനുഷ്യരെ യാചകരാക്കരുത്.”
ആശുപത്രി വരാന്തകളിൽ നിന്ന് ഉയരുന്ന ഈ നിശ്ശബ്ദ നിലവിളി അധികാരികളുടെ ചെവികളിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് ആവശ്യമുള്ള മരുന്നുകൾ ആശുപത്രികളിൽ എത്തിച്ച് ഈ പനിക്കാലം ആശ്വാസമാകുക.



