ഇടവകയിൽ മാസങ്ങളായി പുകയുന്ന ആരോപണങ്ങൾ; പ്രതിഷേധവുമായി യുവാക്കൾ മെത്രാനെ കണ്ടതോടെ നടപടി
പയ്യന്നൂർ: ഇടവകയിൽ ഏറെ നാളായി ചർച്ചയായിരുന്ന വൈദികനും യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത വിശ്വാസിക്ക് നേരെ നാലംഗസംഘത്തിന്റെ ക്രൂര ആക്രമണം. സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും പരാതികൾക്കും പിന്നാലെ വിവാദത്തിലായ വൈദികനെ ചുമതലകളിൽ നിന്ന് നീക്കി പുതിയ വികാരിയെ നിയമിച്ചു.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്രൈസ്തവ ദേവാലയത്തിലെ എറണാകുളം സ്വദേശിയായ വൈദികനും ഇടവകയിലെ 22-കാരിയായ യുവതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തതാണ് രാമന്തളി നരിമടകുമരംചിറയിലെ ഷിബു ജോൺ (52) ആക്രമിക്കപ്പെടാൻ കാരണമായതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമാണ് നാലംഗസംഘം ഷിബു ജോണിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഇരുമ്പുവടി ഉപയോഗിച്ച് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഷിബു ജോണിന്റെ വാരിയെല്ലിന് പരിക്കേറ്റതായും ചികിത്സ തേടിയതായും അറിയുന്നു.
ഇടവകയിലെ യുവതിയുടെ വീട്ടിൽ വൈദികൻ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നുവെന്നും യുവതിക്ക് അധ്യാപക ജോലി ലഭിക്കാൻ സഹായം ചെയ്തിരുന്നുവെന്നുമാണ് ഇടവകയിൽ പ്രചരിച്ചിരുന്ന ആരോപണങ്ങൾ. ഇതുസംബന്ധിച്ച ചർച്ചകൾ ശക്തമായിരിക്കെയാണ് ഷിബു ജോൺ പരസ്യമായി വൈദികനെതിരെ രംഗത്തെത്തിയത്.
ഇതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. വൈദികനെ പിന്തുണയ്ക്കുന്നവരെന്ന് പറയപ്പെടുന്ന ഷിബു വിക്ടർ, അജേഷ്, വിജീഷ്, ഷാജി എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് ഇടവകയിലെ യുവാക്കൾ കണ്ണൂർ രൂപതാ മെത്രാൻ അലക്സ് വടക്കുംതല (Alex Vadakumthala)യെയും സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി (Dennis Kuruppassery) യെയും നേരിൽ കണ്ട് പരാതി നൽകിയിരുന്നു. പരാതികളും പ്രതിഷേധവും ശക്തമായതോടെയാണ് വിവാദത്തിലായ വൈദികനെ തൽസ്ഥാനത്ത് നിന്ന് മാറ്റി പുതിയ വികാരിയെ നിയമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.



