തൃശ്ശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ. ആർ. ശ്രീകുമാറിനെതിരെ മതിലകം പോലീസ് കേസെടുത്തു. ഭാര്യ പ്രിയങ്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
വീട്ടിൽ വൈകിയെത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദ്ദനമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നും തുടർന്ന് പരിക്കേറ്റ പ്രിയങ്ക ആശുപത്രിയിൽ ചികിത്സ തേടിയതായും പോലീസ് രേഖകൾ സൂചിപ്പിക്കുന്നു.

ബിഎൻഎസ് 126(2), 115(2), 110 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീകുമാർ തന്റെ ഇരു കരണങ്ങളിലും അടിക്കുകയും, തലയിൽ പലതവണ മർദ്ദിക്കുകയും, മുടിയിൽ കുത്തിപ്പിടിച്ച് വലിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ ആരോപിക്കുന്നു. കൂടാതെ ഭിത്തിയിൽ തലയിടിപ്പിക്കാൻ ശ്രമിച്ചെന്നും രക്ഷപ്പെടാൻ കഴിഞ്ഞതിനാലാണ് ഗുരുതര അപകടം ഒഴിവായതെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയിൽ ചികിത്സ തേടിയ സമയത്തും തനിക്ക് യാതൊരു മാനുഷിക പരിഗണനയും ലഭിച്ചില്ലെന്ന് പ്രിയങ്ക ആരോപിച്ചു. ഭർത്താവിന്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകർ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് എ. ആർ. ശ്രീകുമാറോ ബിജെപി നേതൃത്വമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കേസ് സംബന്ധിച്ച് തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശ്രീകുമാർ നിയമനടപടികളുടെ ഭാഗമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്.



