നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ മറവിൽ ബ്ലേഡ് മാഫിയയും പോലീസും ചേർന്ന് ഒരു കുടുംബത്തെ ക്രൂരമായി തെരുവിലിറക്കിയെന്ന ആരോപണം നെയ്യാറ്റിൻകരയിൽ വ്യാപക പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാക്കിയിരിക്കുകയാണ്. രോഗികളും പ്രായമായവരും ഉൾപ്പെടുന്ന ഏഴംഗ കുടുംബത്തെയാണ് കനത്ത മഴയത്ത് വീടിന് പുറത്താക്കി പോലീസ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
നെയ്യാറ്റിൻകര ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം വർഷങ്ങൾക്കുമുമ്പ് എടുത്ത ഒരു കൈവായ്പയാണെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബനാഥൻ ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന സമയത്ത് വാങ്ങിയ ഒന്നോ രണ്ടോ ലക്ഷം രൂപയുടെ വായ്പയ്ക്ക് പകരമായി ഇതിനകം പലിശയിനത്തിൽ മാത്രം പത്ത് ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ അവകാശവാദം. എന്നാൽ ചികിത്സയിലായിരുന്ന കുടുംബാംഗം മരണപ്പെട്ട് പത്ത് വർഷത്തിലേറെ കഴിഞ്ഞ ശേഷമാണ് കേസും ജപ്തി നടപടികളുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതെന്നും അവർ ആരോപിക്കുന്നു.
വയോധികയായ അമ്മച്ചിയെ തെറ്റിദ്ധരിപ്പിച്ച് വസ്തുവിന്റെ കരം അടച്ചുതരാമെന്ന് വിശ്വസിപ്പിച്ച ശേഷം ദേശീയപാതയോരത്തെ വിലപിടിപ്പുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ യഥാർത്ഥ ആധാരരേഖകളും മറ്റ് രേഖകളും കൈവശപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തമിഴ്നാട് അണ്ടുകോട് സ്വദേശിയായ മോഹൻദാസ് എന്നയാളാണ് ഇതിന് പിന്നിലെന്നും, പിന്നീട് വ്യാജരേഖകൾ തയ്യാറാക്കി കോടതി നടപടികളിലൂടെ ജപ്തിയിലേക്ക് നീങ്ങിയെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കുളത്തൂർ കോടതിയിൽ മാത്രം നിരവധി കേസുകളിൽ പ്രതിയായ സ്ഥിരം ബ്ലേഡ് മാഫിയ സംഘാടകനാണ് ഇയാളെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചതിനെ തുടർന്ന് കോടതി മീഡിയേഷൻ നടപടികൾ നടന്നിരുന്നു. മീഡിയേഷനിൽ പലിശ സഹിതം 8.65 ലക്ഷം രൂപ നൽകണമെന്ന് നിർദ്ദേശം ഉണ്ടായതായും, അതിനായി വിവിധ വഴികളിലൂടെ പണം കണ്ടെത്തി പത്ത് ലക്ഷം രൂപയുമായി എത്തിയിട്ടും ഒത്തുതീർപ്പിന് തയ്യാറായില്ലെന്നും കുടുംബം പറയുന്നു. പിന്നീട് പതിനഞ്ച് ലക്ഷം രൂപ വേണമെന്ന പുതിയ ആവശ്യം ഉന്നയിച്ചുവെന്നും ആരോപണമുണ്ട്.

ജപ്തി നടപടികൾക്കായി എത്തിയ പോലീസ് സംഘം മാനുഷിക പരിഗണനകൾ പൂർണമായും അവഗണിച്ചാണ് പെരുമാറിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ട്രോക്ക് ബാധിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുള്ള ടോണി എന്ന യുവാവും പ്രായമായ അമ്മയും മറ്റ് സ്ത്രീകളും ഉൾപ്പെടുന്ന കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ച് വീടിന് പുറത്താക്കിയെന്നാണ് പറയുന്നത്. പ്രതിഷേധിച്ച സ്ത്രീകളെയും ബന്ധുക്കളെയും പോലീസ് മർദ്ദിച്ചതായും, മർദ്ദനമേറ്റ വയോധികയുടെ കൈ വീർത്ത് ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറായില്ലെന്നുമാണ് ആരോപണം.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രോഗികളെയും സ്ത്രീകളെയും വീടിന് പുറത്താക്കി വീടിന്റെ വാതിൽ പൂട്ടി സീൽ ചെയ്ത നടപടി പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ജപ്തി നടപടികളിൽ മാനുഷിക സമീപനം ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശങ്ങൾ നിലവിലുണ്ടെന്നിരിക്കെ പോലീസ് നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
നിലവിൽ പോകാൻ മറ്റൊരിടവുമില്ലാതെ, സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത അവസ്ഥയിൽ കുടുംബം വീടിന് മുന്നിൽ മഴയും വെയിലും ഏറ്റുവാങ്ങി കഴിയുകയാണ്. വിഷയത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടുണ്ടെങ്കിലും, കുടുംബത്തെ തെരുവിലാക്കിയെന്നാരോപിക്കപ്പെടുന്ന ബ്ലേഡ് മാഫിയക്കെതിരെയും അതിക്രമം കാണിച്ച പോലീസുദ്യോഗസ്ഥർക്കെതിരെയും അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.



