മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദം പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായഭിന്നതകൾക്ക് വഴിവെക്കുന്നു. ഇതിനിടെ, മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ വർക്കിംഗ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും വിഷയം പ്രധാന ചർച്ചയായി. വൈകിട്ട് 7 മണിക്ക് ആരംഭിച്ച യോഗം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ രാത്രി പത്തരയോടെയാണ് അവസാനിച്ചത്.
യോഗം ഉദ്ഘാടനം ചെയ്ത എ. അബ്ദുൽ റഹ്മാൻ, തന്റെ പ്രസംഗത്തിൽ തന്നെ ഈ വിഷയത്തെ പരാമർശിച്ച് സംസാരിച്ചതായാണ് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നത്.
“ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് വലിയൊരു ആരോപണത്തിന് വിധേയനായിട്ടാണ്”
എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതെന്നും വിവരമുണ്ട്.
തുടർന്ന് നടന്ന ചർച്ചയിൽ മുസ്ലിം ലീഗ് നേതാവ് അഷ്റഫ് എടനീർ ലൈംഗികാരോപണ വിഷയവും പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതിക്കത്തും ഉന്നയിച്ചു. പാർട്ടിക്ക് ലഭിച്ച കത്ത് എങ്ങനെയാണ് പുറത്തേക്ക് ചോർന്നതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ, പാർട്ടി ഭാരവാഹികളായ തോട്ടാൻ ബഷീറും ഹമീദും വിഷയത്തിൽ വിശദീകരണം നൽകണമെന്ന് എ. അബ്ദുൽ റഹ്മാൻ അനുകൂല വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ ആരും കത്ത് ചോർത്തിയിട്ടില്ലെന്ന് ഇരുവരും യോഗത്തിൽ വ്യക്തമാക്കി. പരാതിക്കത്ത് മുൻസിപ്പൽ കമ്മിറ്റിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ, വിഷയവുമായി ബന്ധപ്പെട്ട് വാർഡ് കമ്മിറ്റി മുൻ എം.എൽ.എ എൻ.എ. നെല്ലിക്കുന്നിനെ സമീപിച്ചിരുന്നുവെന്നും, മാധ്യമങ്ങളിൽ വാർത്തയാകുന്നതിന് മുമ്പ് തന്നെ വിഷയം പ്രാദേശിക തലത്തിൽ വ്യാപകമായി ചർച്ചയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
തങ്ങളുടെ കൈവശം ലഭിച്ച കത്ത് ഔദ്യോഗികമായി മണ്ഡലം കമ്മിറ്റിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും, മാധ്യമപ്രവർത്തകർ പലതവണ ആവശ്യപ്പെട്ടിട്ടും കത്തിന്റെ പകർപ്പ് നൽകാൻ തയ്യാറായിരുന്നില്ലെന്നും അവർ വിശദീകരിച്ചു.
പാർട്ടി സംവിധാനത്തോടൊപ്പം നിന്നാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇരുവരും ആവർത്തിച്ചു. മണ്ഡലം കമ്മിറ്റിക്ക് ലഭിച്ച കത്ത് ജില്ലാ കമ്മിറ്റിക്ക് കൈമാറിയതായി മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കുന്നുണ്ട്. കത്ത് എവിടെനിന്നാണ് ചോർന്നത് എന്നത് തന്നെയാണ് ഇതിലെ പ്രധാന അന്വേഷണം.
എന്നാൽ ഈ വിശദീകരണത്തിൽ എ. അബ്ദുൽ റഹ്മാനെ അനുകൂലിക്കുന്ന വിഭാഗം തൃപ്തരായില്ലെന്നാണ് വിവരം.
യോഗത്തിലുടനീളം ഇരുവിഭാഗങ്ങളും തമ്മിൽ കടുത്ത വാക്കുതർക്കങ്ങളും ആരോപണ-പ്രതിയാരോപണങ്ങളും ഉണ്ടായി.
വിഷയവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

വാർത്ത പുറത്തുവിട്ട എ.ആർ.ടി ലൈവ് അവതാരകൻ അബ്ദുൽ റഹ്മാൻ തെരുവത്ത്, പൊതുപ്രവർത്തക ഫാത്തിമ, ബി.എൻ.സി റിപ്പോർട്ടർ ബുർഹാൻ തളങ്കര, മുസ്ലിം ലീഗ് നേതാവ് ബഷീർ തോട്ടാൻ, നഗരസഭ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുനിസിപ്പൽ ലീഗ് സെക്രട്ടറിയുമായ ഹമീദ് ബധിരെ എന്നിവർക്കെതിരെയാണ് പരാതി നൽകിയതെന്ന് എ. അബ്ദുൽ റഹ്മാൻ അനുകൂല വിഭാഗം യോഗത്തിൽ അവകാശപ്പെട്ടു.
ഇതിനുപുറമെ, വിഷയത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും, പരാതിയിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും യോഗത്തിൽ പരാമർശമുയർന്നു. കത്ത് ചോർത്തിയ ഒന്നിനെയും വെറുതെ വിടില്ലെന്ന് അതിനുള്ള ഉറപ്പ് രമേശ് ചെന്നിത്തലയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും തൂക്കും എന്നുള്ള തരത്തിലുള്ള കടുത്ത പരാമർശങ്ങളും യോഗത്തിൽ ഉണ്ടായതായാണ് വിവരം.
അതേസമയം, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ആരോപണം ഉന്നയിച്ച വനിതാ നേതാവിന്റെ പരാതിയും, അതിനെതിരെ ഉയരുന്ന രാഷ്ട്രീയ ഗൂഢാലോചനാ ആരോപണങ്ങളും, കത്ത് ചോർന്നെന്ന വിവാദവും ഒരുമിച്ച് മുസ്ലിം ലീഗ് കാസർകോട് ഘടകത്തിന്റെ ഐക്യത്തെ ബാധിച്ചിരിക്കുകയാണ്.
വിവാദം കൂടുതൽ സങ്കീർണമാകുന്നതിനിടെ, പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടും തുടർനടപടികളും രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.



