bncmalayalam.in

മംഗളൂരു വിമാന ദുരന്തം: ഇന്നും മായാത്ത ഖലീൽ സാഹിബിന്റെ വേർപാടിന്റെ വേദന

224: മംഗളൂരു വിമാന ദുരന്തം: ഇന്നും മായാത്ത ഖലീൽ സാഹിബിന്റെ വേർപാടിന്റെ വേദന

ലേഖനം : ബുർഹാൻ തളങ്കര

2010 മെയ് 22…രാവിലെ ആറുമണിയോടെ രാജ്യം മുഴുവൻ ഞെട്ടലോടെ ഉണർന്ന ദിനം. ആദ്യം ഒരു അപകടവാർത്തയായി കേട്ട സംഭവം, നിമിഷങ്ങൾക്കകം കണ്ണീരും നിലവിളികളും നിറഞ്ഞ മഹാദുരന്തമായി മാറി. ദുബായിൽ നിന്നും മംഗലാപുരത്തേക്കെത്തിയ എയർ ഇന്ത്യാ വിമാനം ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തകർന്ന് വീണുവെന്ന വാർത്ത ഓരോ വീടുകളിലേക്കും കടന്നുകയറിയപ്പോൾ മനുഷ്യഹൃദയങ്ങൾ ഭീതിയിൽ വിറച്ചു. 158 ജീവനുകളെ വിഴുങ്ങിയ ആ ദുരന്തം കാസർകോടിനെയും രാജ്യത്തെയും ഒരുപോലെ നടുക്കിയിരുന്നു.

വിമാനത്താവളത്തിന് പുറത്ത് പ്രിയപ്പെട്ടവരെ വരവേൽക്കാൻ കാത്തുനിന്നവരുടെ മുഖങ്ങളിൽ അന്ന് പ്രതീക്ഷയുടെ പുഞ്ചിരിയായിരുന്നു. വിദേശത്തു നിന്നെത്തുന്ന മക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും ചേർത്ത് പിടിക്കാനുള്ള ആകാംക്ഷയിലായിരുന്നു പലരും. പക്ഷേ, ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഭൂമി പിളരുന്നപോലെ ഒരു ഭീകര ശബ്ദം… പിന്നാലെ ആകാശത്തേക്ക് ഉയർന്ന അഗ്നിഗോളം… കറുത്ത പുകയും തീയും നിറഞ്ഞ ഭയാനക കാഴ്ചകൾ… അതുവരെ പ്രതീക്ഷയോടെ നിന്നിരുന്ന കണ്ണുകളിൽ പിന്നീട് നിറഞ്ഞത് ഭീതിയും കണ്ണീരുമായിരുന്നു.

ആ ദുരന്തം അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ചാരമാക്കിയപ്പോൾ, കാസർകോടിന്റെ ഹൃദയത്തെയും തകർത്തു കളഞ്ഞ ഒരു വാർത്ത കൂടിയുണ്ടായിരുന്നു ,തളങ്കര ഇബ്രാഹിം ഖലീൽ സാഹിബും ആ ദുരന്തത്തിൽ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി വിടപറഞ്ഞുവെന്നത്.

ആ വാർത്ത കേട്ട നിമിഷം പലർക്കും സമയം നിശ്ചലമായതുപോലെയായിരുന്നു. ആരെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത അവസ്ഥ. തലച്ചോർ മരവിച്ചുപോയ നിമിഷങ്ങൾ. ഒന്ന് പൊട്ടി കരയാൻ പോലും കഴിയാതെ നിന്ന അനേകം മനുഷ്യർ. കാരണം, നഷ്ടമായത് ഒരു നേതാവിനെ മാത്രമല്ലായിരുന്നു; പാവപ്പെട്ടവരുടെ ആശ്രയമായിരുന്ന, വിശ്വസിച്ചവർക്കെല്ലാം തണലായിരുന്ന, നിഷ്കളങ്കതയും ആത്മാർഥതയും ജീവിതമാക്കിയ ഒരാളെയായിരുന്നു.

നാട്ടിലുണ്ടായിരുന്ന ഓരോ ദിവസവും സമൂഹത്തിനായി ഓടിനടക്കുകയായിരുന്നു ഖലീൽ സാഹിബ്. സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വേണ്ടി നിരന്തരമായ കൂടിയാലോചനകളും യാത്രകളും യോഗങ്ങളും സമ്മേളനങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദുബായിൽ നിന്നുള്ള ആ അവസാന യാത്ര പോലും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായിരുന്നുവെന്നത് അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

 

mangalore-plane-crash-thalangara-ibrahim-khalil-sahib-remembered

കരുത്തും വിനയവും സത്യസന്ധതയും ഒരുമിച്ചുചേർന്ന വ്യക്തിത്വമായിരുന്നു ഖലീൽ സാഹിബ്. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റായും സുന്നീ അഫ്കാർ ഡയറക്ടറായും കാസർകോട് സംയുക്ത ജമാഅത്ത് കാര്യദർശിയായും മുസ്ലിം ലീഗ് നേതാവായും അദ്ദേഹം നിറഞ്ഞുനിന്നു. തളങ്കരയിലെ നിരവധി മത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പിന്നിലെ ആത്മാർത്ഥ ശക്തിയായിരുന്നു അദ്ദേഹം. പണ്ഡിത സമൂഹത്തിന് ഏറ്റവും വിശ്വസ്തനായ സഹയാത്രികനായി മാറിയ ഖലീൽ സാഹിബിനെ “ഉമറാക്കളുടെ അമീർ” എന്ന സ്നേഹവിശേഷണത്തിലായിരുന്നു പലരും വിളിച്ചിരുന്നത്.

 

 

പദവികളിലല്ല, മനുഷ്യരുടെ ഹൃദയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ സ്ഥാനം. സഹായം തേടി എത്തിയ ഒരാളെയും നിരാശരാക്കാത്ത മനസ്സ്… സമൂഹത്തിന്റെ വേദന സ്വന്തം വേദനയായി കാണുന്ന ഹൃദയം… ജനങ്ങളെ ചേർത്ത് നിർത്തുന്ന അപൂർവമായ സ്നേഹം… അതായിരുന്നു ഖലീൽ സാഹിബിന്റെ ഏറ്റവും വലിയ സമ്പത്ത്.

വർഷങ്ങൾ പിന്നിട്ടിട്ടും ആ വേർപാടിന്റെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. ഇന്നലെ സംഭവിച്ചതുപോലെ തന്നെ ആ ദിനത്തിന്റെ ഓർമ്മകൾ അനേകം മനസുകളിൽ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. ചില മനുഷ്യർ ജീവിക്കുന്നത് കാലയളവുകൾ കൊണ്ടല്ല, അവർ സ്പർശിച്ച ഹൃദയങ്ങൾ കൊണ്ടാണെന്ന് ഓർമ്മിപ്പിക്കുന്ന പേരായി തളങ്കര ഇബ്രാഹിം ഖലീൽ സാഹിബ് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *