bncmalayalam.in

കല്ലടുക്ക – ചെർക്കള റോഡ്: “ടെൻഡർ പൊട്ടിച്ചത് ഇന്നലെ, പക്ഷേ വിയർപ്പ് ചിന്തിയത് ആരാണ്?”അവകാശവാദ പോര് കനക്കുമ്പോൾ മുൻ എംഎൽഎ എൻ.എ നെല്ലിക്കുന്നിനെ മറക്കരുതെന്ന് ആക്ഷേപം

കല്ലടുക്ക – ചെർക്കള റോഡ്: “ടെൻഡർ പൊട്ടിച്ചത് ഇന്നലെ, പക്ഷേ വിയർപ്പ് ചിന്തിയത് ആരാണ്?”അവകാശവാദ പോര് കനക്കുമ്പോൾ മുൻ എംഎൽഎ എൻ.എ നെല്ലിക്കുന്നിനെ മറക്കരുതെന്ന് ആക്ഷേപം

കാസർകോട്: വർഷങ്ങളായി തകർന്നുകിടന്ന് യാത്രക്കാരുടെ ദുരിതപാതയായി മാറിയിരുന്ന കല്ലടുക്ക – ചെർക്കള റോഡിന്റെ പുനർപ്രവർത്തി വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. റോഡ് നവീകരണത്തിന് പിന്നിൽ ആരുടെ ഇടപെടലാണെന്ന ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യൽ മീഡിയയിലും ചൂടുപിടിക്കുമ്പോൾ, “അവകാശവാദം ആരും ഉന്നയിക്കാം, പക്ഷേ അധ്വാനിച്ചവരെ മറക്കരുത്” എന്ന വിമർശനവുമായി വിവരാവകാശ പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തി.

മാഹിൻ കല്ലട്രയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതി വീണ്ടും സജീവമായതെന്ന തരത്തിൽ പ്രചാരണം ശക്തമായതോടെയാണ് പഴയ ഫയലുകളും രേഖകളും പുറത്തെടുത്ത് ചിലർ മറുപടി പറയാൻ തുടങ്ങിയത്. അവരുടെ വാദം പ്രകാരം, മുൻ എംഎൽഎ എൻ.എ നെല്ലിക്കുന്ന് കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്തുതന്നെ റോഡ് നവീകരണത്തിനായുള്ള നടപടികൾ പൂർത്തിയാക്കി പദ്ധതി ടെൻഡർ ഘട്ടത്തിലെത്തിച്ചിരുന്നു.

എന്നാൽ ആദ്യ ടെൻഡറിലുണ്ടായ സാങ്കേതിക പോരായ്മകൾ കാരണം റീ-ടെൻഡർ നടപടികളിലേക്ക് പോകേണ്ടിവന്നു. പുതുക്കിയ ടെൻഡർ തുറക്കാനിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നത്. ഇതോടെ നടപടികൾ സ്വാഭാവികമായി നീണ്ടുപോയി. പുതിയ സർക്കാർ അധികാരത്തിലെത്തി പെരുമാറ്റച്ചട്ട നിയന്ത്രണങ്ങൾ അവസാനിച്ചതോടെയാണ് ഇന്നലെ ടെൻഡർ തുറന്നത്.

ടെൻഡർ ലഭിച്ചത് ജില്ലയിലെ പ്രമുഖ കരാറുകാരായ ജാസ്മിൻ കൺസ്ട്രക്ഷനാണെന്നാണ് വിവരം.

NA nellikunnu
ചെർക്കള കല്ലെടുക്ക റോഡ്

ഇതിനിടെ, “ടെൻഡർ തുറന്ന ദിവസം മാത്രം ഓർമ്മിക്കുന്നവർക്കു ഫയൽ ചുമന്ന ദിവസങ്ങൾ ഓർമ്മയില്ലേ?” എന്ന പരിഹാസവും രാഷ്ട്രീയ വൃത്തങ്ങളിൽ കേൾക്കപ്പെടുന്നുണ്ട്. പദ്ധതിക്കായി വർഷങ്ങളോളം വിവിധ ഓഫീസുകൾ കയറിയിറങ്ങി കിഫ്ബിയിൽ നിന്ന് അനുമതിയും ഫണ്ടും ഉറപ്പാക്കാൻ മുൻ എംഎൽഎ എൻ.എ നെല്ലിക്കുന്ന് നടത്തിയ ഇടപെടലുകൾ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കാസർകോട് ജില്ലയിലെ പ്രധാന ഗതാഗത പാതകളിലൊന്നായ കല്ലടുക്ക – ചെർക്കള റോഡ് ഏറെക്കാലമായി തകർന്ന അവസ്ഥയിലായിരുന്നു. വലിയ കുഴികൾ, പൊളിഞ്ഞ ടാറിംഗ്, മഴക്കാലത്തെ വെള്ളക്കെട്ട് എന്നിവ കാരണം വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകളാണ് ദിവസേന ദുരിതം അനുഭവിച്ചിരുന്നത്. മഴ ശക്തമായ ദിവസങ്ങളിൽ അപകടസാധ്യത കൂടിയതോടെ നാട്ടുകാർ പലതവണ പ്രതിഷേധവും നടത്തിയിരുന്നു.

തുടർന്നാണ് റോഡ് നവീകരണത്തിനായി കിഫ്ബി മുഖേന സമഗ്ര പദ്ധതി തയ്യാറാക്കിയത്. മെറ്റലിംഗ്, ടാറിംഗ്, സൈഡ് ഡ്രെയിനേജ്, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ദീർഘകാല നിലവാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് പുനർപ്രവർത്തി ഉടൻ ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ പ്രദേശവാസികളിലും വ്യാപാരികളിലും ആശ്വാസമുണ്ടായിട്ടുണ്ട്. ആര് കൊണ്ടുവന്നതായാലും റോഡ് യാഥാർത്ഥ്യമായാൽ മതി എന്നാണ് നാട്ടുകാർ പറയുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *