കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റീൽസുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സജീവമായതോടെ, സൈബർ ഇടങ്ങളിലെ ഉള്ളടക്കത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കടിഞ്ഞാണിടുന്നു. വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങൾ തടയുന്നതിനായി സോഷ്യൽ മീഡിയ നിരീക്ഷണം കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശം നൽകി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ പരാതി ലഭിച്ചാലോ രാഷ്ട്രീയ ഭേദമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും അവരുടെ സംഘടനകളും ഔദ്യോഗിക പേജുകളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും ഇനി പോലീസിന്റെ സൈബർ വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. തിരഞ്ഞെടുപ്പിന്റെ സുതാര്യതയും മാതൃകാ പെരുമാറ്റച്ചട്ടവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷൻ ഈ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ, മതസ്പർധ വളർത്തുന്നതോ ആയ ഒരു ഉള്ളടക്കവും അനുവദനീയമല്ല. സൈബർ ഇടങ്ങളിൽ ഉണ്ടാകുന്ന ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണരീതി പുതിയ തലത്തിലേക്ക് മാറിയ സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ‘സൈബർ കണ്ണ്’ രാഷ്ട്രീയ പാർട്ടികൾക്ക് ഒരുപോലെ വെല്ലുവിളിയും മുന്നറിയിപ്പുമാണ്.
English Summary
The Kerala State Election Commission (SEC) has intensified its monitoring of social media content, including Reels and WhatsApp groups, as campaigning for the local self-government elections gains momentum. State Election Commissioner A. Shajahan has directed the Police Cyber Wing to strictly monitor the content shared by candidates, political parties, and organizations online to curb the spread of fake, defamatory, or unlawful propaganda.
The decision comes as social media has become a primary tool for election campaigning. The SEC has warned that stringent action will be taken against anyone found circulating illegal content or against whom a complaint is received, irrespective of their political affiliation. The Police Cyber Wing will be meticulously watching all content shared on official pages and WhatsApp groups to ensure the integrity of the election and strict adherence to the Model Code of Conduct. Content that spreads misinformation, involves character assassination, or promotes religious disharmony is strictly prohibited. This move, dubbed the ‘Cyber Eye’ by the media, serves as both a challenge and a strong warning to political parties navigating the new digital landscape of campaigning.



