മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ജനപ്രതിനിധികൾക്ക് കർശനമായ പെരുമാറ്റച്ചട്ടം നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. വിജയം അധികാരത്തിന്റെ അഹങ്കാരമാകരുതെന്നും, സ്ഥാനാർത്ഥികളല്ല മറിച്ച് ജനങ്ങളാണ് ജയിച്ചതെന്ന വിനയം എപ്പോഴുമുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മലപ്പുറത്ത് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംഗമമായ ‘വിജയാരവ’ത്തിലായിരുന്നു തങ്ങളുടെ ഈ ഉപദേശം.
ജയത്തിന് പിന്നാലെ ആഘോഷങ്ങളിൽ മതിമറക്കുന്ന പ്രവണതയ്ക്കെതിരെ തങ്ങൾ തുറന്നടിച്ചു. “ജയിച്ചുവെന്ന അഹങ്കാരം മനസ്സിൽ തോന്നുന്ന നിമിഷം തന്നെ നിങ്ങൾ ആ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് നല്ലത്. ജനങ്ങളെ നിയന്ത്രിക്കാനല്ല, അവർക്കൊപ്പം നിൽക്കാനാണ് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്,” തങ്ങൾ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിലുൾപ്പെടെ പ്രതിപക്ഷമില്ലാത്ത സാഹചര്യം ഒരു ആനുകൂല്യമായി കാണരുത്. ആറുമാസം കൂടുമ്പോൾ വികസന സഭകൾ വിളിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ കേൾക്കാനും അവരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് മുന്നോട്ട് പോകാനും ഭരണപക്ഷം തയ്യാറാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ യുഡിഎഫ് വിജയമെന്ന് ചടങ്ങിൽ സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം രാഷ്ട്രീയമായ ഒരു വലിയ മാറ്റത്തിന് തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും അക്രമങ്ങൾ അരങ്ങേറിയിട്ടും മലപ്പുറം സമാധാനപരമായി നിലകൊണ്ടത് മുസ്ലിം ലീഗിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയാഘോഷങ്ങൾ ആർഭാടമാക്കാതെ ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ഈ തീരുമാനം അണികൾക്കിടയിലും പൊതുസമൂഹത്തിലും വലിയ സ്വീകാര്യതയാണ് നേടുന്നത്. അധികാരമല്ല, ജനസേവനമാണ് മുഖ്യമെന്ന പാണക്കാട് തങ്ങളുടെ വാക്കുകൾ പുതിയ ജനപ്രതിനിധികൾക്ക് ഒരു കൃത്യമായ വഴികാട്ടിയായി മാറുകയാണ്.
English Summary:
Muslim League State President Panakkad Sayyid Sadik Ali Shihab Thangal has cautioned newly elected representatives against arrogance following the party’s strong performance in the local body elections. Addressing the ‘Vijayaravam’ gathering in Malappuram, he stressed that electoral victory belongs to the people, not individuals, and warned that the moment pride sets in, leaders lose their moral right to hold office. Thangal urged representatives to stand with the people rather than attempt to control them and emphasized respecting democratic values, including listening to opposition voices even where no formal opposition exists. He also proposed holding development councils every six months with participation from opposition parties.
Speaking at the event, PK Kunhalikutty described the UDF’s success as a public backlash against the state government’s policies and noted that Malappuram remaining peaceful amid post-election violence elsewhere reflected the Muslim League’s strong political culture. The leadership’s call to prioritize public service over celebration has been widely welcomed as a guiding principle for newly elected leaders.



