കാസർകോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കെ, കോൺഗ്രസിന്റെ കാസർകോട് ജില്ലാകമ്മിറ്റിയിൽ വലിയ രാഷ്ട്രീയ ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായിരിക്കുകയാണ് . സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട വിയോജിപ്പിനും ഗുരുതരമായ അഴിമതി ആരോപണങ്ങൾക്കും പിന്നാലെ ഡിസിസി വൈസ് പ്രസിഡൻറായിരുന്ന ജയിംസ് പന്തമാക്കൽ സ്ഥാനത്തുനിന്നും രാജിവച്ചതായി പ്രഖ്യാപിച്ചു. കാസർകോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിയെ പറ്റി സംസാരിച്ചത്.
രാജി കൈപ്പറ്റിയില്ലെന്ന ദീപദാസ് മുൻഷിയുടെ നിലപാട് വലിയ വിവാദമായി മാറിയെങ്കിലും, തന്റെ തീരുമാനം മാറ്റില്ലെന്ന് ജയിംസ് വ്യക്തമാക്കി. “പാർട്ടിയിൽ ഇപ്പോൾ പണം , സ്വാർത്ഥത, വ്യക്തിപരമായ ഇടപാടുകൾ എന്നിവയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ അടിയന്തര വിമർശനം.
ഡിസിസി പ്രസിഡൻറ് പികെ ഫൈസലിനെതിരെ ജയിംസ് അതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. “സീറ്റുകൾ തന്നെ പണത്തിന് വിറ്റു. സ്ഥാനങ്ങൾ പോലും വിലവച്ചുകൊടുത്തു. നേതൃത്തിന്റെ രാഷ്ട്രീയക്കച്ചവടം ഇപ്പോൾ മറയ്ക്കാനാകാത്ത അവസ്ഥയിലാന്നെന്ന് വാർത്താസമ്മേളനത്തിൽ ജയിംസ് വ്യക്തമാക്കി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സ്ഥാനാർത്ഥിത്വ പട്ടികയിലുള്ളവരിൽ നിന്നും പണം പിരിച്ചെടുത്തതും, കെ.എം. മാണിയുടെ മരുമകൻ ജോസഫിന്റെ വണ്ടി ചെക്ക് കേസ് തീർപ്പാക്കാൻ ഈ പിരിവ് ഉപയോഗിച്ചതുമാണ് ജയിംസ് മുന്നോട്ടുവച്ച ഏറ്റവും വൻ ആരോപണങ്ങളിലൊന്ന്.

കൂടാതെ, ഈസ്റ്റ് എളേരിയിലെ സീറ്റ് വിഭജനത്തിൽ ലീഡർഷിപ്പ് വഞ്ചിതരായെന്നും ജയിംസ് ആരോപിച്ചു. തന്റെ കൂട്ടത്തിൽ നിന്ന് ആറുപേർ നാമപത്രം നൽകിയിരുന്നുവെങ്കിലും, നാല് പേർക്ക് ചിഹ്നം നൽകുമെന്ന ഉറപ്പിനു വിരുദ്ധമായി, കൈപ്പത്തി ഒരാളെ മാത്രമാണ് അനുവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് ഒരു രാഷ്ട്രീയ നീക്കമല്ല; നേതൃത്തിന്റെ മനപ്പൂർവ്വ തോൽവി ഏറ്റു വാങ്ങലെന്ന് ” ജയിംസ് വിമർശിച്ചു. വിമത സ്ഥാനാർഥിയെ കെട്ടിയിറക്കി ലീഗിന് മുന്നിൽ കോൺഗ്രസിനെ തളർത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫിന് അനുകൂലമായ രീതിയിൽ ആറു വാർഡുകൾ ലഭിക്കുന്നതായി രൂപകൽപ്പന ചെയ്ത വാർഡ് വിഭജനത്തിലും ഇപ്പോഴത്തെ നേതൃത്വത്തിന് പങ്കുണ്ടെന്ന് ജയിംസ് വെളിപ്പെടുത്തി. “പാർട്ടിയുടെ ഭാവിയും പ്രവര്ത്തകരുടെ ത്യാഗവും വിൽക്കപ്പെട്ടിരിക്കുകയാണ്. ഇത് ഇനി സഹിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു
,”കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിൽ നടന്ന സംഘർഷവും പികെ ഫൈസലിന്റെ ഒരുക്കമാണെന്ന് ജയിംസ് ആരോപിച്ചു. തന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഡിഡിഎഫ് മൂന്ന് തവണ ഈസ്റ്റ് എളേരി പഞ്ചായത്തിൽ അധികാരം പിടിച്ച ശേഷമാണ് കോൺഗ്രസുമായി ധാരണയിലൂടെ വീണ്ടും പാർട്ടിയിൽ ചേർന്നത്. “എന്നാൽ തിരിച്ചെത്തിയതിനു ശേഷമുള്ള അനുഭവങ്ങൾ പാർട്ടി ശാസനം, ഏകോപനം, പ്രവർത്തകരോടുള്ള ബഹുമാനം എന്നിവ എല്ലാം തകർന്നുവീണിരിക്കുന്നു എന്നതാണ് തോന്നിച്ചതെന്നും ജയിംസ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന ഈ ആരോപണങ്ങൾ കാസർകോട് കോൺഗ്രസിന്റെ ഐക്യതയ്ക്കുള്ള വലിയ തിരിച്ചടിയാണ്.
English Summary
A major political rift has erupted within the Kasaragod District Congress Committee after DCC Vice President James Panthamakkal announced his resignation. Speaking at a press conference, James accused the party leadership of large-scale corruption, seat-for-money deals, and internal manipulation.
He alleged that DCC President P.K. Faisal sold seats for cash and even used money collected from East Eleri panchayat candidates to settle a cheque case involving the son-in-law of K.M. Mani. James also claimed that the leadership betrayed his faction by denying promised election symbols to their candidates, weakening the party deliberately to benefit rivals, including the Muslim League and LDF.
He further accused the leadership of planning ward divisions favoring the LDF and orchestrating the recent clash at the DCC office. James said the party has become a hub of selfishness and financial dealings, and that the internal discipline and respect once present in the Congress have collapsed. These allegations pose a serious credibility crisis for the Congress in Kasaragod ahead of the local body elections.



