ലഖ്‌നൗ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ നിർണായക മത്സരത്തിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് ദയനീയ തോൽവി. ടീം കൂട്ടത്തോടെ തകർന്നടിഞ്ഞ മത്സരത്തിൽ, ക്യാപ്റ്റൻ സഞ്ജു സാംസൺ തകർപ്പൻ അർധ സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയിട്ടും കേരളത്തിന് രക്ഷയുണ്ടായില്ല. ഏഴ് വിക്കറ്റിനാണ് ആന്ധ്രപ്രദേശ് വിജയിച്ചത്.
ആദ്യം ബാറ്റുചെയ്ത കേരളം നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് മാത്രമാണ് നേടിയത്. എന്നാൽ, ഇന്നിങ്‌സിന്റെ ഭാരം മുഴുവൻ ചുമലിലേറ്റിയ സഞ്ജു സാംസൺ, 56 പന്തുകളിൽനിന്ന് മൂന്ന് സിക്സറുകളും എട്ട് ഫോറുകളും സഹിതം പുറത്താകാതെ 73 റൺസ് നേടി.
ഓപ്പണറായി ഇറങ്ങിയ സഞ്ജു ഒരു വശത്ത് നിലയുറപ്പിച്ചപ്പോൾ മറുവശത്ത് കേരള ബാറ്റർമാർ നിരുത്തരവാദപരമായി ബാറ്റ് വീശി വിക്കറ്റുകൾ വലിച്ചെറിഞ്ഞു. സഞ്ജുവിനെ കൂടാതെ എം.ഡി. നിധീഷിന് മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.
രോഹൻ കുന്നുമ്മൽ (2), മുഹമ്മദ് അസറുദ്ദീൻ (6), കൃഷ്ണ പ്രസാദ് (5), അബ്‌ദുൽ ബാസിത്ത് (2), സൽമാൻ നിസാർ (5), ഷറഫുദ്ദീൻ (3) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന താരങ്ങളുടെ പ്രകടനം. വെങ്കട നരസിംഹ രാജു, സൗരഭ് കുമാർ എന്നിവർ ആന്ധ്രക്കായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
കേരളം ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്രപ്രദേശ് 12 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ഓപ്പണർ കെ.എസ്. ഭരത് വെറും 28 പന്തിൽ 53 റൺസ് നേടി ആന്ധ്രയുടെ വിജയത്തിന് വേഗം കൂട്ടി. അശ്വിൻ ഹെബ്ബാർ (20 പന്തിൽ 27), അവിനാഷ് പൈല (12 പന്തിൽ 20) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
സഞ്ജുവിന്റെ ഉജ്ജ്വല പ്രകടനത്തിന് പോലും ടീമിന്റെ കൂട്ടായ പരാജയത്തെ മറികടക്കാൻ സാധിക്കാതെ വന്നത് കേരളാ ടീമിന് ടൂർണമെന്റിൽ തിരിച്ചടിയായി.
ENGLISH SAMMARY:
Kerala suffered a humiliating seven-wicket defeat against Andhra Pradesh in a crucial Syed Mushtaq Ali Trophy match in Lucknow, despite a spectacular one-man show by Captain Sanju Samson. Batting first, Kerala was restricted to a low total of just 119 runs for the loss of seven wickets in the stipulated overs. Captain Sanju Samson single-handedly carried the innings, remaining unbeaten on 73 runs off just 56 balls, a knock that included three sixes and eight fours. He opened the innings and batted until the final delivery while wickets tumbled rapidly around him.
The match witnessed a massive batting collapse by the Kerala side, as only M.D. Nidheesh managed to reach double digits besides Samson. Key batters like Rohan Kunnummal (2), Mohammed Azharuddeen (6), Krishna Prasad (5), Abdul Basith (2), Salman Nisar (5), and Sharafuddeen (3) failed miserably. Venkatesh Narashima Raju and Saurabh Kumar were the chief wicket-takers for Andhra, claiming two wickets each.
Chasing the minimal target of 120 runs, Andhra Pradesh secured an emphatic seven-wicket victory, reaching the target in just 12 overs with three wickets down. Opener K.S. Bharat anchored the chase, top-scoring for Andhra with a quick-fire half-century (53 runs off 28 balls). Ashwin Hebbar (27 off 20) and Avinash Paila (20 off 12) also contributed significantly to the speedy win. Ultimately, Sanju Samson’s brilliant individual effort was overshadowed by the team’s collective failure, resulting in a damaging setback for the Kerala team in the tournament.



