ധാക്ക: ബംഗ്ലാദേശിലെ വിഖ്യാത റോക്ക് ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 25 പേർക്ക് പരിക്ക്. ഫരീദ്‌പൂർ ജില്ലയിലെ ഒരു സ്കൂൾ വാർഷികാഘോഷത്തിന്റെ സമാപന വേദിയിലാണ് ആഘോഷങ്ങളെ കണ്ണീരിലാഴ്ത്തിയ കല്ലേറുണ്ടായത്. ഇതോടെ നാട് കാത്തിരുന്ന സംഗീത വിരുന്ന് പാതിവഴിയിൽ നിലച്ചു.
വെള്ളിയാഴ്ച രാത്രി 9:30-ഓടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. സ്കൂൾ മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ജെയിംസ് പാടിത്തുടങ്ങവെ ഒരു സംഘം വേദിക്കരികിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഇത് അധികൃതർ തടഞ്ഞതോടെ വാക്കുതർക്കം രൂക്ഷമാവുകയും നിമിഷങ്ങൾക്കുള്ളിൽ ചുറ്റുമുള്ളവർക്ക് നേരെ കല്ലും ഇഷ്ടികയും മഴപോലെ പെയ്യുകയുമായിരുന്നു. മുൻനിരയിൽ പാട്ട് ആസ്വദിച്ചിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പലരുടെയും തലയ്ക്കും കൈകൾക്കും പരിക്കുണ്ട്.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ വിറങ്ങലിച്ച ഗായകനെയും സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ സാഹസികമായാണ് വേദിയിൽ നിന്ന് മാറ്റിയത്. ഇവർക്ക് പരിക്കുകളില്ല. എന്നാൽ, കുടുംബസമേതം പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി ഓടിയത് മൈതാനത്ത് വലിയ തിക്കും തിരക്കും സൃഷ്ടിച്ചു.
സംഭവത്തിന് പിന്നിൽ സാംസ്കാരിക വിരുദ്ധരായ ചില പ്രത്യേക സംഘങ്ങളുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കലയും സൗഹൃദവും ആഘോഷിക്കേണ്ട വിദ്യാലയ മുറ്റം യുദ്ധക്കളമായി മാറിയതിന്റെ ഞെട്ടലിലാണ് പ്രദേശം. അക്രമികളെ പിടികൂടാൻ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ ആരും വലയിലായിട്ടില്ല. തങ്ങളുടെ പ്രിയ ഗായകന്റെ സംഗീതം ആസ്വദിക്കാനെത്തിയ ആരാധകർക്ക് ഈ രാത്രി നൽകിയത് മറക്കാനാവാത്ത ഒരു ദുരന്തസ്മരണയാണ്.
English Summary:
A music concert in Faridpur, Bangladesh, featuring renowned rock singer James (popularly known as Nagar Baul), turned violent on Friday night when a group of attackers hurled stones and bricks at the stage and audience. The concert was part of a school’s annual celebrations and had attracted a large crowd, including families and former students.
The violence erupted around 9:30 p.m. when a group allegedly attempted to force their way toward the stage and clashed with organizers. Within moments, stones and bricks were thrown toward the stage and front-row spectators, leaving around 25 people injured with serious head and limb injuries. James and his band members were safely escorted away by security personnel and were unharmed.
Police suspect the involvement of groups opposed to cultural programs and have launched an investigation, though no arrests have yet been made. The incident has shocked the community, turning what was meant to be a joyful musical evening into a night of fear and chaos.



