കെ.എം. ബഷീറിൻ്റെ ‘വികസനക്കൊയ്ത്ത്’ അവകാശവാദം സൈബറിടത്തിൽ ചിരി പടർത്തി; ‘ഇതാണ് കേരളത്തിലെ നമ്പർ 1 നഗരസഭ’യെന്ന് വിമർശകർ
കാസർകോട്: കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് കാസർകോട് നഗരസഭയിൽ വൻ വികസനം സാധ്യമാക്കിയെന്നും, ഇതിന് വിരുദ്ധമായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.എം. ബഷീർ നടത്തിയ പ്രസ്താവന സൈബർ ലോകത്ത് വലിയ ചിരിവിരുന്നിനുമാണ് തിരികൊളുത്തിയിരിക്കുന്നത്.
“കാസർകോട് നഗരസഭയിൽ ഉണ്ടായിട്ടുള്ള വലിയ വികസനത്തിന്റെ ഫലമായാണ് തുടർച്ചയായി മുസ്ലിം ലീഗ് ഭരണത്തിലേറുന്നത്,” എന്ന് ബഷീർ ഉറപ്പിച്ചു പറയുമ്പോൾ, “ഞങ്ങളെന്തേ പൊട്ടന്മാരാണോ?” എന്ന ചോദ്യത്തോടെയാണ് സാധാരണ ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.
വികസനം കൊണ്ട് ‘തട്ടിയിട്ടും മുട്ടിയിട്ടും’ നടക്കാൻ വയ്യ!
ലീഗ് നേതാവിൻ്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ, കാസർകോടിൻ്റെ കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളുടെയും, കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെയും, ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങളുടെയും ചിത്രങ്ങൾ സഹിതം ട്രോളുകൾ മിനിറ്റുകൾക്കുള്ളിൽ പ്രവഹിച്ചു.
ഒരു സാധാരണ പൗരൻ്റെ പ്രതികരണം ഇങ്ങനെ: “വികസനം കൊണ്ട് തട്ടിയിട്ടും മുട്ടിയിട്ടും ഞങ്ങൾക്ക് നടക്കാൻ വയ്യ സാർ! അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും മോശപ്പെട്ട നഗരസഭ എന്നൊരു ‘ആഗോള അംഗീകാരം’ നമുക്ക് ലഭിച്ചത്. ഇത്രയൊക്കെ തന്നതിന് സാറിന് നന്ദി പറയുന്നില്ലെങ്കിൽ അത് കടപ്പാടില്ലായ്മയാകും.”
“നഗരസഭയുടെ വികസനം കാണാൻ പ്രത്യേകതരം ലെൻസ് വെക്കണം”, “നേതാവേ , നിങ്ങളുടെ ലോകം ഏത് ഗ്രഹത്തിലാണെന്ന് ഒരറിവുമില്ല”, “ദയവായി ഞങ്ങളുടെ കാഴ്ചശക്തിയെയും ബുദ്ധിയെയും ഇത്രയ്ക്ക് പരിഹസിക്കരുത്” ഇടയ്ക്ക് ഒന്ന് ജനങ്ങളിലേക്ക് ഒന്ന് ഇറങ്ങണം എന്നിങ്ങനെ പോകുന്നു ജനങ്ങളുടെ രോഷം കലർന്ന പരിഹാസങ്ങൾ.
ബി.ജെ.പി. ‘അവിഹിത ബന്ധം’ വിവാദവും
അതിനിടെ, മുസ്ലിംലീഗ് വിരുദ്ധരെ കൂടെക്കൂട്ടി കാസർകോട്ട് അധികാരത്തിൽ വരാമെന്ന ബി.ജെ.പി.യുടെ വ്യാമോഹം നടക്കില്ലെന്നും, ലീഗ് മത്സരിക്കുന്ന എല്ലാ സീറ്റുകളിലും ഇത്തവണ ചരിത്ര വിജയം നേടുമെന്നും ബഷീർ അവകാശപ്പെട്ടു. ലീഗ് മത്സരിക്കുന്ന 21 സീറ്റുകൾ ഉൾപ്പെടെ യു.ഡി.എഫ്. ഒറ്റക്കെട്ടായി വിജയം നേടുമെന്നാന്നു ഇതുപോലെ തന്നെ വികസിപ്പിക്കും എന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം.
എന്നാൽ, ബി.ജെ.പി. ചില വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയില്ലെന്നും, ഇത് ചിലരുമായുള്ള ‘അവിഹിത ബന്ധം’ മൂലമാണെന്നും ബഷീർ ആരോപിച്ചത് മറ്റൊരു ചർച്ചയ്ക്ക് വഴിവെച്ചു.കാസർകോട് നഗരസഭയിൽ എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ബിജെപിക്ക് സമ്മാനിച്ച് ഒരുമിച്ച് ഭരിച്ചിട്ടും മതിയായില്ലേ എന്ന ചോദ്യമാണ് ഉയരുന്നത് . ‘അവിഹിത ബന്ധം’ ഉണ്ടാക്കാൻ ലീഗ് നേതാക്കളുള്ള അടുപ്പവും കഴിവും സ്വാതന്ത്ര സ്ഥാനാർത്ഥികൾക്ക് ഉണ്ടാകാനിടിയില്ല എന്നാണ് മറ്റൊരു പരിഹാസം . ഇനി നേതാക്കൾക്ക് മുന്നോട്ടുപോകാൻ ബി.ജെ.പി.യുടെ സഹായം വേണ്ടിവരുമോയെന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കാസർകോട് നഗരത്തിലെ ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യവും മുസ്ലിം ലീഗ് നേതൃത്വം അവകാശപ്പെടുന്ന വികസന യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഈ കൂട്ട ‘ചിരി വിപ്ലവം’.



