കാസർകോട്: ജില്ലയിലെ യുവതലമുറയെ ലക്ഷ്യമിടുന്ന ലഹരി വ്യാപാര ശൃംഖലകൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, കുമ്പളയിൽ വൻ എംഡിഎംഎ വേട്ട നടന്നു. കുമ്പള പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) സംയുക്തമായി നടത്തിയ നീക്കത്തിലാണ് മംഗൽപാടി സോങ്കാൽ പ്രദേശത്തുനിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 43.77 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തത്.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് പെട്രോളിംഗ് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മയക്കുമരുന്ന് കൈമാറ്റത്തിനുള്ള ഒളിസങ്കേതമായി ഉപയോഗിക്കുന്ന ഒറ്റപ്പെട്ട കുറ്റിക്കാട്ടിൽ മൂന്ന് പേർ കൂട്ടംകൂടി നിൽക്കുന്നത് കണ്ട പോലീസ് സംഘം ഇവരെ സമീപിച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പോലീസിൻ്റെ അതിവേഗ ഇടപെടലിൽ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റിലായവരുടെ പൂർവകാല ക്രിമിനൽ പശ്ചാത്തലം ലഹരി മാഫിയയുടെ ഗൗരവം വ്യക്തമാക്കുന്നു. കോയിപ്പാടി ഷേഡിക്കാവിൽ സ്വദേശിയും സോങ്കാലിൽ താമസിക്കുന്ന അഷ്റഫ് എ.എം (26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്ലു ആസാദ് നഗർ സ്വദേശി ഷംസുദ്ധീൻ എ.കെ (33) എന്നിവരാണ് പിടിയിലായത്. ഇവരിൽ പ്രധാന പ്രതിയായ അഷ്റഫ്, മുൻപ് 50 ഗ്രാം എംഡിഎംഎ കേസിലെ പ്രതിയാണ്. സാദിഖാകട്ടെ, ലഹരി കേസുകളിലും കാപ്പ നിയമം ലംഘിച്ച കേസുകളിലും പ്രതിയായിരുന്നെങ്കിൽ, ഷംസുദ്ധീനും അടിപിടി കേസുകളിൽ പ്രതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
എ.എസ്.പി ഡോ. നന്ദഗോപൻ എം. ഐപിഎസിൻ്റെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്പെക്ടർമാരുടെയും എ.എസ്.ഐ.യുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് ലഹരി ശൃംഖലയുടെ പിന്നാമ്പുറം, മയക്കുമരുന്ന് എത്തുന്ന ഉറവിടം എന്നിവ പുറത്തെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. യുവാക്കളെ കുടുക്കുന്ന എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളുടെ സഞ്ചാരം ശക്തമായി പിടിച്ചുകെട്ടേണ്ടതിൻ്റെ ആവശ്യകത പോലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. ജില്ലയിൽ വീണ്ടും രൂപപ്പെടുന്ന ലഹരി വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ തുടരണമെന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമാണ്.
English Summary:
In a major blow to drug networks targeting the youth in Kasaragod, the Kumbla Police and the District Anti-Narcotics Squad (DANSAF) seized 43.77 grams of the synthetic drug MDMA and arrested three notorious offenders from Mangalpady’s Sonkal area.
Acting on a tip-off and the directive of District Police Chief B.V. Vijay Bharat Reddy IPS, DANSAF intensified surveillance in the region. Officers spotted three men gathered in a secluded bushy area known for illegal drug exchanges. When police approached, the suspects attempted to flee, but were swiftly chased down and apprehended.
Those arrested were identified as Ashraf A.M (26) of Koippady Shadeekkaav, Saadhiq K. (33) of Koippady Kadappuram, and Shamsudheen A.K (33) of Kudlu Azaad Nagar. All three have criminal histories. Ashraf is already an accused in a previous case involving 50 grams of MDMA; Saadhiq has multiple narcotics and KAAPA Act violations; and Shamsudheen is implicated in assault cases.
Under the supervision of ASP Dr. Nandagopan M IPS, the Kumbla SI team and ASI officers completed the follow-up procedures. Police are now interrogating the suspects to trace the larger drug network and identify supply routes. Authorities reiterated the urgent need to crack down on MDMA circulation, which continues to endanger the district’s youth. Public demand for stronger anti-drug operations remains high.



