കാസർകോട്: സ്വകാര്യ ബസ് ജീവനക്കാരെ തെരുവിൽ ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ പിടികൂടാൻ പോലീസ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ പൂർണ്ണമായി സർവീസ് നിർത്തിവെക്കും. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് ഡ്രൈവർ-കണ്ടക്ടർ കൂട്ടായ്മ പ്രഖ്യാപിച്ച ഈ പണിമുടക്ക്, നീതി ലഭിക്കാനുള്ള അവരുടെ പോരാട്ടമാണ് . പോലീസ് നടപടിയിലെ അനാസ്ഥ നീതി നിഷേധത്തിന് തുല്യമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
പയ്യന്നൂർ–ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ബാവാസ്’ ബസിലെ ജീവനക്കാരായ റുവൈസ് (ഡ്രൈവർ, പെരുമ്പട്ട), അഭിനന്ദ് (കണ്ടക്ടർ, തടിയൻകൊവ്വൽ) എന്നിവർക്കാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൃക്കരിപ്പൂർ ടൗണിൽ വെച്ച് അതിഭീകരമായ കയ്യേറ്റം നേരിടേണ്ടി വന്നത്.
ബീരിച്ചേരി റെയിൽവേ ഗേറ്റിനു സമീപം വെച്ച് ബസ് കാറുമായി ചെറുതായി ഉരസിയെന്ന നിസ്സാര കാരണം മുൻനിർത്തിയാണ് കാറിലെത്തിയ അക്രമിസംഘം മർദിച്ചത് . അക്രമിസംഘം ബസിന് കുറുകെയിട്ട് തടയുകയും, ജീവനക്കാരെ ബലമായി വാഹനത്തിൽ നിന്ന് വലിച്ചിറക്കി നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഈ ആക്രമണത്തിൽ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിസംഘത്തിലെ ഒരാളെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് താല്പര്യമില്ലായ്മ കാണിക്കുന്നു എന്നും, ഇത് ഗുണ്ടായിസത്തിന് ഒത്താശ നൽകുന്നതിന് തുല്യമാണെന്നും ബസ് ജീവനക്കാരുടെ സംഘടനകൾ ആഞ്ഞടിച്ചു.
അക്രമിസംഘത്തിനെതിരെ ഉടൻ നടപടിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി നീതി ഉറപ്പാക്കണമെന്ന ശക്തമായ ആവശ്യമുയർത്തിയാണ് തൃക്കരിപ്പൂർ റൂട്ടിലെ മുഴുവൻ ബസ് സർവീസുകളും ഇന്ന് സ്തംഭിപ്പിക്കുന്നത്. ജീവനക്കാർക്ക് നേരെ നിരന്തരം നടക്കുന്ന അതിക്രമങ്ങളിൽ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് പൊതുജനത്തിന്റെയും ജീവനക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
English Summary:
Private bus services on the Thrikaripur route in Kasaragod came to a complete halt today after bus staff launched a strike protesting the brutal assault on two crew members and the alleged police inaction in arresting the attackers.
The incident occurred on Saturday night when the crew of the ‘Bawas’ bus — driver Ruwais from Perumbatta and conductor Abhinand from Thadiyankovval — were violently attacked in Thrikaripur town. The assailants allegedly blocked the bus with their car, forcibly pulled the staff out onto the road, and assaulted them, claiming the bus had brushed against their vehicle near Beericherry railway gate.
Though the Chandera Police registered a case, no arrests have been made, prompting widespread anger among bus workers. Staff unions accuse the police of deliberate negligence and warn that such inaction fuels lawlessness. The strike aims to pressure authorities into swiftly arresting the culprits and ensuring justice for the assaulted workers.



