കാസർകോട്: 2014-ൽ നടന്ന പീഡനക്കേസിൽ പിടി നൽകാതെ 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ലഖ്‌നൗയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ചെമ്മനാട് സ്വദേശിയായ അബ്ദുൽ ഷഹീൽ ആണ് വർഷങ്ങളായ ഒളിവിന് ശേഷം വിമാനത്താവളത്തിൽ കുടുങ്ങിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ കെ.പി. ഷൈനും എസ്.ഐ. സഫ്‌വാനും നേതൃത്വം നൽകിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2014-ൽ സ്റ്റേഷൻപരിധിയിലുള്ള ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഷഹീൽ പ്രതിയായത്. കേസ് കോടതിവിധിക്ക് എത്തിയപ്പോൾ ഹാജരാകാതെ വിദേശത്തേക്ക് പോയ ഇയാൾ പിന്നീട് പൂർണ്ണമായും ഒളിവിൽ പോയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വർഷങ്ങളോളം ഇയാളെ പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല.
ദീർഘകാലത്തെ ഒളിവിന് ശേഷം ഷഹീൽ നാട്ടിലേക്ക് മടങ്ങിയെത്താൻ ശ്രമിച്ചപ്പോഴാണ് പിടിവീണത്. വെള്ളിയാഴ്ച ലഖ്‌നൗയിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം ലുക്കൗട്ട് നോട്ടീസ് പരിശോധിച്ചുതുടർന്ന് ഇയാളെ തടഞ്ഞുവച്ചു. തുടർന്ന് വിവരം ലഭിച്ച വിദ്യാനഗർ പോലീസ് സംഘം ലഖ്‌നൗയിലേക്ക് യാത്രചെയ്ത് ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ നിയമനടപടികൾക്ക് ശേഷം കാസർകോട്ടിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കിയപ്പോളാണ് പോലീസ് അമ്പരുന്നത് .കേസിൽ കഴമ്പില്ല എന്ന് കണ്ടെത്തി നേരത്തെ തന്നെ കൂട്ട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു . അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത പ്രതിക്ക് കോടതി ഉടനടി ജാമ്യം അനുവദിക്കുകയും ചെയ്തു .



