മൈസൂരു/കാസർകോട്: ഹുൻസൂർ പട്ടണത്തെ നടുക്കി പട്ടാപ്പകൽ വൻ ജ്വല്ലറി കൊള്ള. ടൗൺ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ‘സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ഷോറൂമിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സായുധ സംഘം അഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവും വജ്രാഭരണങ്ങളുമാണ് കവർന്നത്. ജീവനക്കാരെയും മാനേജരെയും തോക്കിൻമുനയിൽ നിർത്തി നിമിഷങ്ങൾക്കുള്ളിലായിരുന്നു കവർച്ച.
ശനിയാഴ്ച ഉച്ചയ്ക്ക് ഷോറൂമിൽ തിരക്ക് കുറഞ്ഞ സമയത്താണ് മുഖംമൂടി ധരിച്ച സംഘം എത്തിയത്. ഉപഭോക്താക്കളെന്ന വ്യാജേന അകത്തുകയറിയ ഇവർ പെട്ടെന്ന് തോക്കുകൾ പുറത്തെടുത്ത് മാനേജരെയും പത്തോളം വരുന്ന ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഒരു മൂലയിലേക്ക് മാറ്റി നിർത്തി. ഒരാൾ തോക്കുചൂണ്ടി കാവൽ നിന്നപ്പോൾ, ബാക്കി നാലുപേർ ചേർന്ന് ഡിസ്‌പ്ലേ കാബിനറ്റുകളിൽ ഇരുന്ന സ്വർണ്ണവും വജ്രവും മിന്നൽ വേഗത്തിൽ ബാഗുകളിലാക്കുകയായിരുന്നു. കൃത്യം നിർവ്വഹിച്ച ശേഷം രണ്ട് ബൈക്കുകളിലായി സംഘം അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കൊള്ളയുടെ പൂർണ്ണരൂപം ഷോറൂമിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണിതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മൈസൂരു ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണുവർധന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികൾ അതിർത്തി കടന്ന് കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് കാസർകോട് ജില്ലയിൽ പൊലീസ് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. അതിർത്തി റോഡുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ ആളുകളെയോ വാഹനങ്ങളെയോ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മുൻപ് നടന്ന സമാനമായ കൊള്ളകളുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
English Summary:
An armed five-member gang carried out a daring daytime heist at the Sky Gold and Diamonds showroom near the town bus stand in Hunsur, Mysuru district. Wearing masks, the gang entered the store posing as customers, then threatened the manager and staff at gunpoint and forced them aside. Within minutes, they looted gold and diamond ornaments worth around ₹5 crore before fleeing the scene on two motorcycles.
The entire incident was captured on the store’s CCTV cameras, indicating the robbery was meticulously planned. A special police team led by the Mysuru District Superintendent has begun an investigation using the footage. Based on intelligence reports that the suspects may cross into Kerala, police in Kasaragod district have intensified border checks and issued a public alert. Authorities are also probing possible links to previous similar robberies. The brazen daylight crime has caused serious concern among local businesses and residents.



