തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെടുത്തി ഉയർന്ന സ്വർണക്കടത്ത് ആരോപണങ്ങളിൽ നിർണായകമെന്ന നിലയിൽ കണക്കാക്കപ്പെടുന്ന ഡി മണിയുടെ താമസസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യാപക പരിശോധന തുടങ്ങി. തമിഴ്നാട്സ്വദേശിയായ ബാലമുരുകൻ ശബരിമല സ്വർണക്കൊള്ളയിൽ സജീവ ബന്ധമുണ്ടെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് ശക്തിപ്പെടുത്തിയത്. ഇടനിലക്കാരനെന്ന് കരുതപ്പെടുന്ന വിരുദുനഗർ സ്വദേശി ശ്രീകൃഷ്ണന്റെ വസതിയിലും ഒരേസമയം പരിശോധന പുരോഗമിക്കുകയാണ്.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് നേടിയ ശേഷമാണ് സംഘങ്ങൾ ഡിണ്ടിഗലിലും വിരുദുനഗറിലും എത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എസ്ഐടി ടീമിനൊപ്പം തമിഴ്‌നാട് പൊലീസിന്റെ സഹായവും ലഭ്യമാണ്. ഡിണ്ടിഗലിൽ രണ്ട് സ്ഥലങ്ങളിലും വിരുദുനഗറിൽ ഒരു സ്ഥലത്തുമായി റെയ്ഡ് നടക്കുമ്പോൾ റെവന്യൂ ഉദ്യോഗസ്ഥരും ഒപ്പം സന്നിഹിതരാണ്. ഡി മണിയെയും ശ്രീകൃഷ്ണനെയും വിശദമായി ചോദ്യം ചെയ്യുന്നതായും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
ഡിണ്ടിഗൽ സ്വദേശി ബാലമുരുകൻ തന്നെയാണ് ഡി മണി എന്നതും കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്നുളള പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുള്ള സംഘങ്ങൾ കടത്തുകയായിരുന്നുവെന്നതാണ് പ്രവാസി വ്യവസായിയുടെ ഗുരുതരാരോപണം. ഈ മൊഴിയുടെ വിശ്വാസ്യത പരിശോധനയിലൂടെ ഉറപ്പുവരുത്തുകയാണ് ഇപ്പോൾ എസ്ഐടി.
ശബരിമലയ്ക്ക് പുറമെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയവർ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുമായി അടുത്ത ബന്ധമുളളവരാണെന്നും മൊഴിയിൽ സൂചിപ്പിക്കുന്നു. വിഗ്രഹക്കടത്തിന് ആവശ്യമായ പണമുമായി സംഘം ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തലും അന്വേഷണത്തിന്റെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
രാജ്യാന്തര തലത്തിൽ വ്യാപ്തിയുള്ള കടത്ത് ശൃംഖലയുമായി ഈ കേസിന് ബന്ധമുണ്ടാകാമെന്ന സംശയം ശക്തമാകുന്നതിനാൽ അന്വേഷണ ഏജൻസികൾ പരമാവധി രഹസ്യതയും ജാഗ്രതയും പുലർത്തുകയാണ്. കേസിൽ നിർണായക സൂചനകൾ ഉടൻ പുറത്തുവരാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം
English Summary:
Kerala Police have intensified their investigation into an alleged interstate and international idol-smuggling network believed to be targeting revered temples, including Sabarimala and the Sri Padmanabhaswamy Temple. Acting on testimony from an expatriate businessman, the Special Investigation Team (SIT) conducted simultaneous raids in Tamil Nadu at the home and business premises of D. Mani — also known as Balamurugan — in Dindigul. Searches were also carried out at the residence of alleged middleman Srikrishnan in Virudhunagar.
The businessman reportedly revealed that the gang had connections with influential figures and was attempting to traffic ancient Panchaloha idols and temple gold to foreign markets. Investigators confirmed that Balamurugan is widely known as “Diamond Mani.” Tamil Nadu Police and Revenue officials assisted Kerala SIT during the raids, while both suspects are currently being questioned.
Authorities fear the gang is still active and may be operating with large sums of cash to facilitate idol smuggling. Given the sensitivity of temple heritage and security, officials say the probe is being handled with the utmost secrecy and seriousness.



