കാസർകോട്: കുമ്പള ടോൾ പ്ലാസ വിഷയത്തിൽ ചർച്ചയ്ക്കെത്തിയ ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും ജില്ലാ കലക്ടർ അവഹേളിച്ച നടപടി ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണെന്ന് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി മുനീർ കമ്പാർ പ്രസ്താവനയിൽ പറഞ്ഞു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിനോടും സമരസമിതി നേതാക്കളോടും കലക്ടർ കാണിച്ച ഉദ്യോഗസ്ഥ ധാർഷ്ട്യം ആർക്ക് വേണ്ടിയുള്ളതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനകീയ പ്രശ്നങ്ങൾ ഉയർത്താൻ എത്തിയ ജനപ്രതിനിധികളെ ഗൺമാനെ ഉപയോഗിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. വർഷങ്ങളായി പൊതുരംഗത്തുള്ള ഉത്തരവാദിത്തപ്പെട്ട നേതാക്കൾ കള്ളം പറയുമെന്ന് വിശ്വസിക്കാൻ മാത്രം മന്ദബുദ്ധികളല്ല കാസർകോട്ടെ ജനങ്ങൾ. ഈ സംഭവത്തിൽ കലക്ടറുടെ നടപടിയെക്കാൾ ഏറെ വിചിത്രമായി തോന്നുന്നത് ബിജെപിയുടെ പ്രതികരണമാണ്. ടോൾ പ്ലാസ വിഷയത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഇതുവരെ മൗനം പാലിച്ച ബിജെപി നേതൃത്വം, കലക്ടറെ ന്യായീകരിക്കാൻ ‘വക്കാലത്തുമായി’ രംഗത്തിറങ്ങുന്നത് കാണുമ്പോൾ ജനങ്ങൾ സംശയിച്ച ഉദ്യോഗസ്ഥ-ബിജെപി അവിശുദ്ധ ബന്ധം പകൽപോലെ വ്യക്തമാവുകയാണ്.
അഡ്വക്കേറ്റ് ശ്രീകാന്തിനെപ്പോലുള്ള ബിജെപി നേതാക്കൾ കലക്ടർക്ക് വേണ്ടി ആവേശപൂർവ്വം രംഗത്തെത്തുന്നത് ദുരൂഹമാണ്. കാസർഗോഡ് കുമ്പളയിൽ വരാൻപോകുന്ന സ്വന്തക്കാരുടെ ടോൾ പ്ലാസയിലെ കൊള്ളയിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി നടത്തുന്ന നാടകം തിരിച്ചറിയപ്പെടണം. ടോൾ പ്ലാസയിൽ ബിജെപി പ്രവർത്തകർക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും ക്യൂ നിൽക്കാതെ കടന്നുപോകാൻ അവർക്കും കഴിയില്ലെന്നുമുള്ള യാഥാർത്ഥ്യം ഇവർ മറക്കരുത്. 15 ലക്ഷം രൂപ അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ് അണികളെ വിശ്വസിപ്പിച്ചതുപോലെ, ടോൾ വിഷയത്തിലും എന്തെങ്കിലും മണ്ടത്തരങ്ങൾ പറഞ്ഞ് ഇവർ സ്വന്തം പ്രവർത്തകരെ കബളിപ്പിച്ചിട്ടുണ്ടാകാം അതുകൊണ്ടാണ് പ്രവർത്തകർ മാറിനിൽക്കുന്നതെന്ന് മുനീർ കമ്പാർ പരിഹസിച്ചു.
കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഗൺ മെനെ കാണിച്ച് ഭയപ്പെടുത്തിയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും വീട്ടിലിരുത്താമെന്ന് ആരും മോഹിക്കേണ്ടതില്ല. അധികാരത്തിന്റെ ഹുങ്ക് കാണിച്ച് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരും അവർക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാരും വലിയ വില നൽകേണ്ടി വരും. നീതിക്ക് വേണ്ടി പോരാടുന്ന ജനപ്രതിനിധികളുടെയും സമരസമിതിയുടെയും കൂടെയാണ് നാട് നിൽക്കുന്നതെന്നും മുനീർ കമ്പാർ പ്രസ്താവനയിൽ വ്യക്തമാക്കി.
English Summary:
Kasaragod: Muslim League Kasaragod constituency secretary Muneer Kambar has strongly criticized the District Collector over the alleged disrespectful behavior towards elected representatives and protest leaders during discussions on the Kumble toll plaza issue. He stated that the Collector’s conduct toward Manjeshwar MLA A.K.M. Ashraf and members of the protest committee was an insult to democratic values in Kerala.
Muneer alleged that attempting to intimidate people’s representatives using a gunman was unprecedented and questioned whose interests the Collector was trying to protect. He also accused the BJP of siding with the Collector instead of supporting the public affected by the toll issue, claiming this exposed an “unholy alliance” between the administration and the party.
According to Muneer, BJP leaders defending the Collector raised further suspicion, and he alleged that the party was trying to divert public attention from the toll plaza controversy. He warned that attempts to suppress public protests through threats or displays of power would not succeed, asserting that the people stand firmly with the protest committee and their elected representatives.



