‘
ബംഗളൂരു: മുൻനിര പാൽ–പാൽവ്യാപാര സ്ഥാപനമായ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെഎംഎഫ്) പ്രശസ്ത ബ്രാൻഡായ ‘നന്ദിനി’ നെയ്യിന്റെ വ്യാജ നിർമ്മാണ-വ്യാപാര ശൃംഖല പൊലീസ് തകർത്തു. അന്തർസംസ്ഥാന വ്യാപ്തിയുള്ള ഈ റാക്കറ്റിൽ പങ്കാളികളായ നാല് പേരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) പ്രത്യേക അന്വേഷണ സംഘം കെഎംഎഫ് വിജിലൻസ് വിംഗുമായി ചേർന്ന് അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായ വിതരണ ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരങ്ങളെത്തുടർന്നാണ് അന്വേഷണം ശക്തിപ്പെടുത്തിയത്. തുടർ റെയ്ഡിൽ, ബംഗളൂരുവിലെ ചാമരാജ്പേട്ടയിലെ നഞ്ചംബ അഗ്രഹാരയിൽ പ്രവർത്തിക്കുന്ന ‘കൃഷ്ണ എന്റർപ്രൈസ്’ എന്ന സ്ഥാപനത്തിലാണ് വ്യാജ നെയ്യ് നിർമ്മാണവും പാക്കേജിംഗും നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. സ്ഥാപനത്തിന്റെ ഗോഡൗണുകളും വ്യാപാരശാലകളും വാഹനങ്ങളും സംഘം പരിശോധിച്ചു.
തമിഴ്നാട്ടിൽ നിന്നെത്തിച്ച യഥാർത്ഥ ‘നന്ദിനി’ നെയ്യിന്റെ ബോട്ടിലുകളും ചെറിയ പാക്കറ്റുകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുകയായിരുന്നു റാക്കറ്റ്. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത വാഹനത്തിൽ ഗുണനിലവാരമില്ലാത്ത പാം ഓയിൽ, വെളിച്ചെണ്ണ എന്നിവയും കണ്ടെത്തി. മൃഗക്കൊഴുപ്പ് കലർത്തിയുണ്ടാക്കിയതാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
റെയ്ഡിൽ ആകെ 1.26 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയത്. ഇതിൽ 56.95 ലക്ഷം രൂപ വിലവരുന്ന 8,136 ലിറ്റർ വ്യാജ നെയ്യ്, നിർമ്മാണ ഉപകരണങ്ങൾ, അഞ്ച് മൊബൈൽ ഫോണുകൾ, , 60 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കെഎംഎഫ് ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം കൃത്രിമ നിർമ്മാണ–വ്യാപാര ശൃംഖലകൾക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി.
English Summary
Bengaluru Police have busted an interstate racket involved in manufacturing and selling fake ‘Nandini’ ghee, a leading dairy brand under the Karnataka Milk Federation (KMF). Acting on confidential information, the Central Crime Branch (CCB) and KMF Vigilance jointly conducted raids and arrested four individuals connected to the fraud.
The investigation revealed that the counterfeit ghee was being produced and packaged at ‘Krishna Enterprise’ in Chamarajpet, Bengaluru, using original Nandini bottles sourced from Tamil Nadu. Authorities also seized low-quality palm oil and coconut oil, and there is suspicion that animal fat might have been mixed in the fake product. Samples have been sent for scientific testing.
The raid resulted in the seizure of goods worth ₹1.26 crore, including 8,136 litres of fake ghee valued at ₹56.95 lakh, manufacturing equipment, mobile phones, and vehicles worth ₹60 lakh. Officials stated that strict follow-up action will continue against networks involved in counterfeiting KMF products.



