bncmalayalam.in

മൂന്ന് ടേം നയം: ഇളവിനുള്ള നീക്കങ്ങൾ യുവതലമുറയുടെ സ്വപ്നങ്ങൾക്ക് തടസ്സമേകുന്നുവോ?ലീഗ് നേതൃത്വത്തിന്റെ പുതിയ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ ചര്‍ച്ചയും പ്രതികരണവും കനക്കുന്നു

10: മൂന്ന് ടേം നയം: ഇളവിനുള്ള നീക്കങ്ങൾ യുവതലമുറയുടെ സ്വപ്നങ്ങൾക്ക് തടസ്സമേകുന്നുവോ?ലീഗ് നേതൃത്വത്തിന്റെ പുതിയ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ ചര്‍ച്ചയും പ്രതികരണവും കനക്കുന്നു

കോഴിക്കോട് : തെരഞ്ഞെടുപ്പിൽ ഒരിക്കൽ വിജയിച്ചാൽ ആ സീറ്റ് വർഷങ്ങളോളം കൈവശം വയ്ക്കുന്ന പുരാതന രാഷ്ട്രീയ രീതി ഇന്നും പല പാർട്ടികളിലും തുടരുമെന്നത് മറച്ചുവയ്‌ക്കാനാകില്ല. ഈ പ്രവണതയെ ചെറുക്കാനും യുവതലമുറയ്ക്ക് അവസരം നൽകാനും വേണ്ടിയാണ് മുസ്ലീം ലീഗ് ഉൾപ്പെടെ നിരവധി പാർട്ടികൾ “പരമാവധി മൂന്ന് ടേം” എന്ന നയം നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോൾ ഈ നയം പാർട്ടി നേതൃത്വത്തിന്റെ ഓർമ്മയിൽ നിന്ന് ക്രമേണ കടലാസിലേക്കുമാത്രമായി മാറുന്നുവെന്നാരോപണം ശക്തം. സംസ്ഥാന കമ്മിറ്റി മുതിർന്ന നേതാക്കൾക്ക് ഇളവുകൾ അനുവദിച്ചതോടെ നയം നടപ്പിലാക്കിയ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്. ഇളവുകളുടെ മറവിൽ തന്നെ സീറ്റുകൾ ഉറപ്പിക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് ഇറങ്ങുന്നുവെന്ന നിരീക്ഷണം യുവ നേതാക്കൾ ഉയർത്തുന്നു.

യുവജന സംഘടനകളുടെ പ്രതികരണം

യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവർത്തകർ തുറന്നുപറയുന്നത് ഇങ്ങനെ:
“2020-ൽ കർശനമായി നടപ്പിലാക്കിയ തീരുമാനം പുനരാലോചിക്കേണ്ട സാഹചര്യമൊന്നും ഇപ്പോൾ ഇല്ല. നേതൃത്വം സൃഷ്ടിച്ച ഈ ഇളവുകൾ അനാവശ്യ കലഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നു.”
യുവതലമുറക്കും പുതുമുഖ അഭ്യർത്ഥികൾക്കും ജയിക്കാനുള്ള സാധ്യത തുറക്കുകയും കാര്യക്ഷമതയും പുതുമയുമുള്ള ഭരണത്തിന്റെ സാധ്യത ഉയർത്തുകയും ചെയ്‌തതാണ് മൂന്ന്-ടേം നയത്തിന്റെ ലക്ഷ്യം. ഇപ്പോഴത്തെ സംഭവവികാസങ്ങൾ, യുവജനങ്ങൾക്ക് അവസരം നൽകുന്നുവെന്ന പ്രഖ്യാപനം നാടകം ആണോ എന്ന് പലരും ചോദിക്കുന്നു.

ചർച്ചകൾ നടക്കുന്നത് ഇങ്ങനെ …

നയപരമായ അത്‌മാർത്ഥതയും പാർട്ടി ഭാവിയും മുന്നിൽകണ്ട് പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ “ഇളവ്” എന്ന വാക്ക് പഴയ തലമുറയിലെ താപ്പാനകൾക്ക് വീണ്ടും സീറ്റ് ഉറപ്പിക്കാനുള്ള നീക്കം മാത്രമാണ് . പുതുതലമുറക്ക്‌ തങ്ങളുടെ സ്വപ്നങ്ങൾക്ക്‌ മുന്നിൽ തുറക്കുന്ന മറ്റൊരു രാഷ്ട്രീയ വൻമതിൽ ആയി ഇളവു മാറും .
പരിഷ്കരണ ചുവടുവെപ്പായി മാറേണ്ട തീരുമാനം തന്നെ വിവാദത്തിന്റെ കേന്ദ്രം ആയി മാറുകയാണ് , 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ലീഗിന്റെ സംഘടന ശക്തിയുടെയും വലിയ ഒരു പരീക്ഷണ വേദിയായി “ഇളവ്” പ്രഖ്യാപനം മാറും എന്നാണ് വിലയിരുത്തൽ.

കാസർകോട്ടെ യൂത്ത് ലീഗ് നേതാവിന്റെ വാക്കുകൾ ഇങ്ങനെ ..

മാറ്റം വാക്കുകളിലല്ല, പ്രവർത്തനത്തിലാണെന്ന് ലീഗിന് തെളിയിക്കേണ്ട സമയം ഇതാണ്. യുവജനങ്ങൾക്ക് വഴിമാറിക്കൊടുക്കണമോ, പഴയ രീതികൾ തുടരണമോ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. എന്നാൽ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ഈ തീരുമാനത്തിനായി കാത്തിരിക്കുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട കാസർകോട്ട് യൂത്ത് ലീഗിലെ പ്രമുഖ നേതാവ് ഞങ്ങളോട് വ്യക്തമാക്കിയത് .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *